Current Date

Search
Close this search box.
Search
Close this search box.

റിഥം കലോത്സവം; യര്‍മൂഖ് ഓവറോള്‍ ചാമ്പ്യന്മാര്‍

ദോഹ: ‘സ്‌നേഹത്തിന്, സൗഹാര്‍ദ്ദത്തിന് യുവതയൂടെ കര്‍മ്മ സാക്ഷ്യം’ എന്ന തലക്കെട്ടില്‍ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി യൂത്ത് ഫോറം മദീന ഖലീഫ മേഖല സംഘടിപ്പിച്ച റിഥം 2017 കലോത്സത്തില്‍ സ്‌റ്റേജ്, സ്‌റ്റേജിതര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് യര്‍മൂഖ് ഓവറോള്‍ ചാമ്പ്യന്മാരായി. ലക്ത, അല്‍ സദ്ദ് എന്നീ ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ന്യൂ സലതയിലെ സ്‌കില്‍സ് ഡവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന കലോത്സവത്തില്‍ പ്രി ഇവന്റ്, സ്‌റ്റേജ്, നോണ്‍ സ്‌റ്റേജ് ഇനങ്ങളിലായി പതിനെട്ട് മത്സരങ്ങള്‍ നടന്നു. കലോത്സവത്തിന്റ ഭാഗമായി ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ നടത്തിയ പ്രിയപ്പെട്ടവര്‍ക്കായുള്ള കത്തെഴുത്ത് മത്സരത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബിന്റെ ഉമ്മയ്ക്ക് ഹൃദയ സ്പര്‍ശിയായ കത്തയച്ച വാഹിദ സുബിയും കവിത രചനയില്‍ ഐലന്‍ കുര്‍ദിയുടെ പടം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച നൈലൂര്‍ ഡെമിറിന്റെ മാനോവ്യഥകള്‍ കവിതയാക്കിയ മുവസ്സിറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊളാഷ്, പെര്‍ഫോമ, നാടന്‍ പാട്ട് തുടങ്ങിയ ഗ്രൂപ്പിനങ്ങളും അരങ്ങേറി .
വൈകീട്ട് നടന്ന സമാപന സമ്മേളനം യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയും വിഭാഗീയതയും സമൂഹത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന കാലത്ത് അലസതയും ആലസ്യവും കൈവെടിഞ്ഞ് സ്‌നേഹത്തിനെയും സൗഹാര്‍ദ്ദത്തിന്റെയും വഴിയിലേക്ക് യുവാക്കളെ നയിക്കുക എന്നതാണ് യൂത്ത്‌ഫോറം ഇത്തരം പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി അദ്ദേഹം സമ്മാനിച്ചു. യൂത്ത്‌ഫോറം ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, വൈസ് പ്രസിഡന്റ് സലീല്‍ ഇബ്രാഹിം, സാംസ്‌കാരിക സെക്രട്ടറി അനൂപലി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു.
റിഥം ജനറല്‍ കണ്‍വീനര്‍ ഷാബിര്‍ ഹമീദ്, പ്രോഗ്രാം കണ്‍വീനര്‍ ഷബീബ് അബ്ദുറസാഖ്, കരീംഗ്രഫി കക്കോവ്, യൂത്ത്‌ഫോറം മദീന ഖലീഫ മേഖലാ പ്രസിഡന്റ് സുഹൈല്‍ അബ്ദുല്‍ ജലീല്‍, സെക്രട്ടറി സുനീര്‍ പുതിയോട്ടില്‍, അബൂബക്കര്‍ പട്ടാമ്പി, നജ്മല്‍ തുണ്ടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles