Current Date

Search
Close this search box.
Search
Close this search box.

റാകൈനില്‍ കൂട്ടമൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം: യു.എന്‍ ഉത്കണ്ഠ രേഖപ്പെടുത്തി

വാഷിങ്ടണ്‍: മ്യാന്മറിലെ റാകൈന്‍ സംസ്ഥാനത്ത് കൂട്ടമായ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യു.എന്നും അമേരിക്കയും ഉത്കണ്ഠ രേഖപ്പെടുത്തി. മ്യാന്മറിലെ വംശീയ കൂട്ടക്കൊല രൂക്ഷമായിരുന്ന പടിഞ്ഞാറന്‍ റാഖൈനില്‍ നിന്നും വലിയ തോതിലുള്ള ശവക്കുഴികളും മറ്റു അവശിഷ്ടങ്ങളും കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റ് പ്രസാണ് (എ.പി) വാര്‍ത്ത പുറത്തുവിട്ടത്.

വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നതെന്നും റാഖൈനില്‍ യു.എന്നിന്റെ സഹായം അടിയന്തരമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും യു.എന്‍ പറഞ്ഞു. മേഖലയിലേക്ക് യു.എന്നിന് സഹായമെത്തിക്കാന്‍ പ്രവേശനം ലഭിക്കാത്തതില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി.
ലോകത്തെ ഏറ്റവും പീഡിതരായ ജനതയാണ് റോഹിങ്ക്യകളെന്നും യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മ്യാന്മറിലെ റോഹിങ്ക്യന്‍ വംശജരെ ഉന്മൂലനം ചെയ്ത മേഖലയില്‍ നിന്നും ആദ്യമായാണ് ഇത്തരം വാര്‍ത്ത പുറംലോകത്തെത്തുന്നത്. ഒന്നിനു മുകളില്‍ ഒന്നായി മൃതശരീരങ്ങള്‍ കൂട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. ഇത്തരത്തില്‍ രണ്ടു സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് വിറകു ശേഖരിക്കാന്‍ പോയവരാണ് ഇതു കണ്ടതെന്നാണ് എ.പി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മേഖലയില്‍ ഇത്തരത്തിലുള്ള കലാപം നടന്നത് മ്യാന്മര്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. എന്നാല്‍ കൂട്ടമൃതദേഹങ്ങള്‍ കണ്ടെത്തിയത് ഇവിടെ നടന്ന കൂട്ടക്കൊലയെയാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മ്യാന്മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും രാജ്യത്തെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ ജനതയെ കൂട്ടക്കൊല നടത്തുകയും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കി മര്‍ദിച്ചു കൊലപ്പെടുത്തകയുമായിരുന്നു. പല കുടുംബങ്ങളെയും കുടിലുകള്‍ ഒന്നടങ്കം കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. പതിനായിരക്കണക്കിനു പേരാണ് നാടും വീടും ഉപേക്ഷിച്ച് സമീപ രാജ്യങ്ങളിലേക്ക് കുടിയേറിയത്. പതിനായിരത്തിനടുത്ത് റോഹിങ്ക്യകളാണ് ഇതിനോടകം റാഖൈനില്‍ കൊല്ലപ്പെട്ടത്.

 

Related Articles