Current Date

Search
Close this search box.
Search
Close this search box.

രേഖാമൂലം ക്ഷണിക്കാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്: കാന്തപുരം

കോഴിക്കോട്: ഏക  സിവില്‍ കോഡ് വിഷയം ചര്‍ച്ചചെയ്യാന്‍ മുസ്‌ലിം ലീഗ് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് രേഖാമൂലം ക്ഷണിക്കാത്തതുകൊണ്ടാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. രേഖാമൂലം ക്ഷണിക്കാതെ, യോഗം കാന്തപുരം വിഭാഗം ബഹിഷ്‌കരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലീഗ് യോഗം വിളിച്ച വേളയില്‍ താന്‍ ജോര്‍ദാനിലായിരുന്നു എന്നും രേഖാമൂലം ക്ഷണിച്ചു കൊണ്ടുള്ള കത്ത് നല്‍കാത്തതിനാലാണ് പ്രതിനിധികളും പോവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞകാലത്ത് ക്ഷണിച്ച പരിപാടികളിലേക്കെല്ലാം അവര്‍ കത്ത് നല്‍കിയിരുന്നു എന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്നാണ് സുന്നി പ്രസ്ഥാനത്തിന്റെ നിലപാട്. ഏക സിവില്‍ കോഡും മുത്തലാഖുമാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന നിലക്കാണ് പ്രചാരണം. തലാഖ് അഥവാ വിവാഹമോചനമെന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മുത്തലാഖും ഒഴിവാക്കപ്പെടേണ്ടതാണ്. ഏക സിവില്‍ കോഡ് സംബന്ധിച്ച നിയമകമീഷന്‍ ആവശ്യപ്പെട്ട ചോദ്യാവലി ബഹിഷ്‌കരിക്കും. സിവില്‍ കോഡ് സംബന്ധിച്ച് വ്യാഴാഴ്ച എറണാകുളത്ത് ശരീഅത്ത് സമ്മേളനം നടക്കുമെന്നും കാന്തപുരം പറഞ്ഞു.
അതേസമയം മുസ്‌ലിം സംഘടനകളുടെ യോഗത്തിലേക്ക് ക്ഷണിച്ച് ആര്‍ക്കും കത്ത് നല്‍കിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് പ്രതികരിച്ചു. എല്ലാ സംഘടനാ പ്രതിനിധികളെയും ബന്ധപ്പെട്ടപോലെ കാന്തപുരം വിഭാഗത്തിലെ പ്രതിനിധിയെയും ഫോണിലാണ് ക്ഷണിച്ചതെന്നും പ്രഫ. എ.കെ. അബ്ദുല്‍ ഹമീദിനെയാണ് ഫോണില്‍ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Articles