Current Date

Search
Close this search box.
Search
Close this search box.

രക്ഷാസമിതിയുടെ ഘടന പരിഷ്‌കരിക്കണം: എര്‍ദോഗാന്‍

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഘടനയില്‍ പരിഷ്‌കരണം ആവശ്യമാണെന്ന ആഹ്വാനം ആവര്‍ത്തിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ നീതിയും ശരിയായ ഘടനയും രക്ഷാസമിതിക്ക് ആവശ്യമുണ്ടെന്ന് വ്യക്തമാക്കി. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയകളുടെയും സാങ്കേതിക വിദ്യയുടെയും ദ്രുതഗതിയിലുള്ള വ്യാപനം ചില രാജ്യങ്ങളെ ഒരുകൂട്ടം വെല്ലുവിളികള്‍ക്ക് മുന്നിലാക്കിയിരിക്കുകയാണ്. ഭീകരവാദവും നിയമവിരുദ്ധ കുടിയേറ്റവും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയുടെ സുപ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഒരു രാജ്യത്തിന് ഒറ്റക്ക് ഈ പ്രതിസന്ധികളെ പരിഹരിക്കാനാവില്ല. മുഴുവന്‍ രാഷ്ട്രങ്ങളുടെയും സഹകരണത്തോടെ മാത്രമേ അത് സാധ്യമാകൂ. എന്ന് അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ഘടന, പ്രത്യേകിച്ചും രക്ഷാസമിതിയുടെ പരിഷ്‌കരണം അനിവാര്യമാണെന്ന് ഉദാഹരണ സഹിതം അദ്ദേഹം സമര്‍ത്ഥിച്ചു. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പോലുള്ള രാജ്യത്തെ ചേര്‍ക്കാത്ത രക്ഷാസമിതിയുടെ ഘടന സുരക്ഷിതമാണെന്ന് ആര്‍ക്കാണ് പറയാനാവുക? ലോകത്തെ തന്നെ പ്രധാന നാടുകളിലൊന്നാണല്ലോ അത്. 170 കോടി ജനങ്ങളുള്ള ഇസ്‌ലാമിക ലോകത്തെ പ്രതിനിധീകരിക്കാത്ത രക്ഷാസമിതി എത്രത്തോളം നീതിയുക്തമാവും? എന്ന് എര്‍ദോഗാന്‍ പറഞ്ഞു. രക്ഷാസമിതി ലോകത്തിന് ആവശ്യമാണെന്നും രാജ്യങ്ങള്‍ക്ക് ഊഴമിട്ട് അതില്‍ അംഗത്വം നല്‍കണമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യയും ജപ്പാനും ഈ ആവശ്യം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കണമെന്നും ഉണര്‍ത്തി.
സിറിയന്‍ ജനത രാസായുധങ്ങള്‍ക്കും ബോംബുകള്‍ക്കും ഇരയാക്കപ്പെടുന്നടത്തോളം കാലം അവര്‍ക്ക് മുമ്പില്‍ തുര്‍ക്കിയുടെ വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടച്ചാല്‍ ഞങ്ങളും അക്രമികളുടെ കൂട്ടത്തിലാവും. അക്രമത്തെ തൃപ്തിപ്പെടുന്നതും അക്രമം തന്നെയാണ്. ലക്ഷക്കണക്കിനാളുകളെ കൊല്ലുകയും ഭരണകൂട ഭീകരത നടമാടുകയും ചെയ്യുന്ന കൊടുംകുറ്റവാളിയായ ബശ്ശാറുല്‍ അസദ് സിറിയയില്‍ അധികാരത്തില്‍ തുടരുന്നത് ഐക്യരാഷ്ട്രസഭക്ക് നാണക്കേടാണ്. എന്ന് തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം ലോകത്തും പ്രദേശത്തും സമാധാനവും പുരോഗതിയും ഉണ്ടാക്കുന്നതിന് ഏറെ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറെ പഴക്കമുള്ള ഒരു സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി തന്നെ ആദരിച്ചതിലുള്ള സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. തുര്‍ക്കിക്കും ഇന്ത്യക്കും ഇടയില്‍ വലിയ ദൂര വ്യത്യാസമുണ്ടെങ്കിലും ഓട്ടോമന്‍ ശില്‍പി സിനാന്റെ ശിഷ്യന്‍മാരാലാണ് താജ്മഹല്‍ നിര്‍മിക്കപ്പെട്ടത്. തുര്‍ക്കിയുടെ സ്വാതന്ത്ര്യ സമരത്തില്‍ (ഒന്നാം ലോക യുദ്ധത്തിന് ശേഷം) ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണ മറക്കാനാവില്ല. 171 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തുര്‍ക്കി സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. അതില്‍ 118 പേര്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം നടത്തുന്നത്. ഇരു രാജ്യങ്ങളുടെയും ഭാവിയില്‍ ഈ വിദ്യാര്‍ഥികള്‍ ഒരു മുതല്‍ക്കൂട്ടാവും. ഇന്ത്യന്‍ ജനത തുര്‍ക്കിയെ സംബന്ധിച്ച വാര്‍ത്തകള്‍ പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളില്‍ നിന്നോ ഇന്ത്യയിലെ തന്നെ ഭീകരലോബികളില്‍ നിന്നോ അല്ല അറിയേണ്ടത്. മറിച്ച് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് തന്നെ അവ മനസ്സിലാക്കണം. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles