Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ നാടുകളില്‍ റമദാന്‍ ആരംഭം ഏകീകരിക്കാന്‍ തീവ്രശ്രമവുമായി പണ്ഡിതവേദി

ദോഹ: യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വ്രതാരംഭവും പെരുന്നാളും ഏകീകരിക്കാനുള്ള ശ്രമങ്ങളുമായി ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗി യൂറോപ്യന്‍ യാത്രക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി ജര്‍മനിയിലെത്തിയെ അദ്ദേഹം അവിടത്തെ മസ്ജിദുകളിലെ ഇമാമുമാരുമായും ഇസ്‌ലാമിക് സെന്ററുകളുടെ രക്ഷാധികാരികളുമായും കൂടിക്കാഴ്ച്ചകള്‍ നടത്തി. സ്വീഡനിലെയും സമീപ നാടുകളിലെയും നിരവധി ഇമാമുമാരുമായും ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍മാരുമായും ഈ ഉദ്ദേശ്യാര്‍ഥം അദ്ദേഹം കൂടിക്കാഴ്ച്ചകള്‍ നടത്തി. പാശ്ചാത്യ നാടുകളിലെ മുസ്‌ലിംകളെ ഏകോപിപ്പിക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ സാധിച്ചിട്ടുണ്ടെന്ന് ശൈഖ് ഖറദാഗി പറഞ്ഞു.
യൂറോപിലെ മുസ്‌ലിംകളുടെ സവിശേഷ ദിനങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്. ഓരോ രാജ്യത്തിലെയും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചോ ഐക്യത്തോടെയോ അല്ല നിലകൊള്ളുതെന്നും അതുകൊണ്ടു തന്നെ പെരുന്നാളിന് അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നുമാണ് പല രാജ്യങ്ങളുടെയും വാദം. ഈദുല്‍ ഫിത്വറിന് മൂന്ന് ദിവസവും ഈദുല്‍ അദ്ഹക്ക് മറ്റ് മൂന്ന് ദിവസങ്ങളും വകവെച്ചു കൊടുക്കാന്‍ ഞങ്ങള്‍ സാധിക്കില്ലെന്നും എന്നാല്‍ ഒരൊറ്റ ദിവസമാണെങ്കില്‍ അത് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ ഒന്നിക്കുന്നില്ലെന്നും അവര്‍ പറയുന്നു. പെരുന്നാളുകളില്‍ മുസ്‌ലിംകളുടെ അവകാശം വകവെച്ചു കൊടുക്കാത്തതെന്താണ് എന്ന അല്‍ജസീറ ചാനല്‍ അവതാരകന്റെ ചോദ്യത്തിന് ജര്‍മന്‍ പ്രസിഡന്റ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ഞങ്ങള്‍ അതിന് തയ്യാറാണ്, എന്നാല്‍ അവര്‍ ഒന്നിക്കുന്നില്ല. അവരെല്ലാം ഒരു ദിവസത്തില്‍ ഏകീകരിക്കുകയാണെങ്കില്‍ ആ ദിവസം അവര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ പെരുന്നാള്‍ ദിനം അതിന്റെ മുമ്പത്തെ രാത്രിയില്‍ നിര്‍ണയിക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞതായി ഖറദാഗി വിവരിച്ചു.

Related Articles