Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പ് നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം: ലിബിയന്‍ പ്രസിഡന്റ്

ട്രിപോളി: പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയല്ലാതെ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ ലിബിയയെ സഹായിച്ചിട്ടില്ലെന്ന് ലിബിയന്‍ ഐക്യസര്‍ക്കാര്‍ പ്രസിഡന്റ് ഫാഇസ് സിറാജ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും മതിയായ സഹായം ലഭിച്ചാല്‍ കള്ളക്കടത്തിനെതിരെ പോരാടാനും മെഡിറ്ററേനിയനില്‍ ആളുകള്‍ മുങ്ങിമരിക്കുന്നത് തടയാനും യൂറോപിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് തടയാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഭരണകൂടം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ലിബിയയെ സഹായിക്കുന്ന സംവിധാനങ്ങളും സാമ്പത്തിക സഹായവും നല്‍കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ഇറ്റലിയിലെയും യൂറോപ്പിലെയും നേതാക്കള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിന് തടയിടുന്നതിനും അവിടത്തെ ഐക്യസര്‍ക്കാറിനെ സഹായിക്കുന്നതിനും എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗവും ചേര്‍ന്നിരുന്നു. യൂറോപ് തന്റെ രാജ്യത്തെ സഹായിക്കാന്‍ സന്നദ്ധരാവുന്നില്ലെങ്കില്‍ കൊള്ളക്കാരുടെയും അഭയാര്‍ഥികളുടെയും വര്‍ധനവിനത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തീരങ്ങളിലെ നിരീക്ഷണവും സുരക്ഷയും ശക്തമാക്കുന്നതിന് ലിബിയക്ക് അടിയന്തിര സഹായം ആവശ്യമാണെന്നും അവിടത്തെ സുസ്ഥിരതക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും സിറാജ് പറഞ്ഞു. മനുഷ്യക്കടത്ത് രംഗത്തുണ്ടായിട്ടുള്ള കുതിച്ചുചാട്ടം അത്തരം സംഘങ്ങള്‍ക്കുള്ള വളര്‍ച്ചയെയാണ് കുറിക്കുന്നത്. അതേസമയം ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് യൂറോപ്പിലേക്ക് കടക്കാനുള്ള അവസരത്തിനായി കാത്തുനില്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles