Current Date

Search
Close this search box.
Search
Close this search box.

യമന്‍ കുട്ടികളുടെ അവകാശ ലംഘകരുടെ കരിമ്പട്ടികയില്‍ നിന്ന് അറബ് സഖ്യത്തെ ഒഴിവാക്കി

ന്യൂയോര്‍ക്ക്: യമനിലെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചവരുടെ കരിമ്പട്ടികയില്‍ നിന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തെ ഒഴിവാക്കിയതായി ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ വ്യക്തമാക്കി. എന്നാല്‍ സംഘര്‍ഷ മേഖലകളിലെ കുട്ടികളെ സംബന്ധിച്ച റിപോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താതെ തന്നെ നിലനിര്‍ത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാര്‍ഷിക റിപോര്‍ട്ടിലുള്ള ശക്തമായ എതിര്‍പ്പാണ് പ്രയാസകരമായ ഈ തീരുമാനമെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്. അവധാനതയോട് കൂടിയ പഠനത്തിനൊടുവിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മൂണ്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സൗദിയുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വിഷയത്തിലുള്ള ഉത്കണ്ഠ അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ സൗദി സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച ഉത്കണ്ഠ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലോകത്തെ അഭയാര്‍ഥികളില്‍ പകുതിയും കുട്ടികളാണെന്നും, പ്രത്യേകിച്ചും അഫ്ഗാനിലും സോമാലിയയിലും യമനിലും സിറിയയിലും നീചമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ വിധേയരാവുന്നതെന്നും അദ്ദേഹം അനുബന്ധമെന്നോണം പറഞ്ഞു.
അതേസമയം ഹൂഥി സായുധ ഗ്രൂപ്പുകള്‍ നിരവധി സ്‌കൂളുകളും ആശുപത്രികളും സൈനികത്താവളങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നും പതിനായിരങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ സൗദി പ്രതിനിധി അബ്ദുല്ല അല്‍മുഅല്ലിമി പറഞ്ഞു. ഹൂഥികള്‍ വിതച്ച പതിനായിരക്കണക്കിന് കുഴിബോംബുകള്‍ കുട്ടികളുടെ മരണത്തിനും അംഗവൈകല്യത്തിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles