Current Date

Search
Close this search box.
Search
Close this search box.

യമനിലെ സിവിലിയന്‍മാരുടെ കൊലക്ക് കാരണം അറബ് സഖ്യം: ബിന്‍ റഅദ്

ജനീവ: യമനില്‍ സിവിലിയന്‍മാര്‍ കൊല ചെയ്യപ്പെടുന്നതിന്റെ പ്രധാനകാരണം സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം നടത്തുന്ന ആക്രമണങ്ങളാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സൈദ് ബിന്‍ റഅദ് വ്യക്തമാക്കി. ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യമനില്‍ സംഘര്‍ഷം ഉടലെടുത്തതിന് ശേഷം നന്നെ ചുരുങ്ങിയത് 5144 സിവിലിയന്‍മാര്‍ അവിടെ കൊല്ലപ്പെട്ടതായി കൗണ്‍സിലിന്റെ അന്വേഷണം വ്യക്തമാക്കിയിരുന്നു.
വ്യത്യസ്തമായ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും കുറിച്ച് സംസാരിച്ച ഹൈക്കമ്മീഷണര്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ തുര്‍ക്കി സ്വീകരിച്ച നിലപാടിനെ പ്രശംസിക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വംശീയ ഉന്മൂലനത്തിന്റെ തുല്യതയില്ലാത്ത ഉദാഹരണമാണ് മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്ച്ചകള്‍ക്കിടെ 2,30,000ല്‍ പരം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ബഹ്‌റൈന്‍, വെനിസ്വലെ തുടങ്ങിയ രാജ്യങ്ങളില്‍ 2016 മുതല്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

Related Articles