Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ഥ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യല്‍ വിശ്വാസികളുടെ ബാധ്യത: പി. മുജീബുറഹ്മാന്‍

കോഴിക്കോട്: ബഹുസ്വരത തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്ന കാലത്ത് സന്തുലിതവും യഥാര്‍ഥവുമായ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി. മുജീബ് റഹ്മാന്‍. ആത്മീയ വ്യതിചലനത്തിനും ഇസ്‌ലാമോഫോബിയക്കുമെതിരെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്, ക്രിസ്ത്യന്‍ തീവ്ര ആശയങ്ങളുടെ പേരില്‍ അവയെ കുറ്റപ്പെടുത്താറില്ലാത്തതുപോലെതന്നെ ഇസ്‌ലാമിന്റെ പേരിലെ ആത്യന്തികത നോക്കി അതിനെ കുറ്റപ്പെടുത്തുന്നതും ശരിയല്ല.
ഐ.എസിനെ മതസംഘടനകളോ പണ്ഡിതരോ പിന്തുണക്കുന്നില്ല. അതിന്റെ പിതൃത്വംപോലും ഇസ്രായേല്‍ പോലുള്ള സ്ഥാപിത താല്‍പര്യക്കാരിലാണ് എത്തിനില്‍ക്കുന്നത്. മതസംഘടനകള്‍ സ്ഥാപിത താല്‍പര്യക്കാരുടെ ചട്ടുകമായി മാറരുത്. ദലിത്, മുസ്‌ലിം പീഡനങ്ങള്‍ ചര്‍ച്ച ചെയ്യാതെ  മാധ്യമങ്ങളും മതേതരകക്ഷികളും അറിഞ്ഞോ അറിയാതെയോ ഫാഷിസത്തിന് സാഹചര്യമൊരുക്കുന്നു. ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം തിരിച്ചറിയണം.
കാര്യങ്ങള്‍ പഠിച്ച് ജീവിതം പരിവര്‍ത്തനം ചെയ്തവരെപോലും പൊലീസ് വേട്ടയാടുന്ന സാഹചര്യം രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ടി.പി. മുഹമ്മദ് ശമീം എന്നിവരും സംസാരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ പൈങ്ങോട്ടായി സ്വാഗതവും സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു. ടി.എം. ശരീഫ് ഖിറാഅത്ത് നടത്തി.

Related Articles