Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറിനെതിരായ അമേരിക്കന്‍ ഉപരോധം നീക്കി

വാഷിംഗ്ടണ്‍: മ്യാന്‍മറിനെതിരായ അമേരിക്കന്‍ ഉപരോധം നീക്കിയതായി പ്രസിഡണ്ട് ബറാക് ഒബാമ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ബര്‍മക്കെതിരായ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിന്നും ഏറെ മാറ്റം സംഭവിച്ചതായും 2015ലെ തെരഞ്ഞെടുപ്പിലടക്കം ബര്‍മ ജനാധിപത്യത്തെ ശക്തിപ്പെടുത്തന്നതില്‍ ഏറെ മുമ്പോട്ട് പോയതായും ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ഒബാമ വ്യക്തമാക്കി. ഉപരോധം പിന്‍വലിക്കുക എന്നത് അമേരിക്കയുടെ ദേശീയ താത്പര്യമാണെന്നും ഉപരോധം പിന്‍വലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മ്യാന്‍മറിനെ അഭിസംബോധന ചെയ്യുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ പൊതുവെ ഉപയോഗിക്കാറുള്ള ബര്‍മ എന്ന പേരാണ് ഒബാമ ഉപയോഗിച്ചത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി 1989 ല്‍ പട്ടാള അട്ടിമറി നടത്തിയ ശേഷമാണ് ബര്‍മ എന്നത് മാറ്റി മ്യാന്‍മര്‍ എന്ന പേരു സ്വീകരിച്ചത്. അഞ്ചു പതിറ്റാണ്ട്  കാലത്തെ പട്ടാള ഭരണത്തിന് അറുതിവരുത്തി കഴിഞ്ഞ മാര്‍ച്ചിലാണ് മ്യാന്മറില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ ആണ് മ്യാന്‍മറിനെതിരെ ഉപരോധം കൊണ്ടുവന്നത്. 2007ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു. ബുഷ് ഉപരോധം ശക്തമാക്കുകയും നീട്ടുകയുമായിരുന്നു.
കഴിഞ്ഞ മാസം നടന്ന മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂക്കിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം സാമ്പത്തിക ശിക്ഷാ നടപടികള്‍ നീക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു. അമേരിക്ക നേരത്തെതന്നെ ചില ഉപരോധങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ പട്ടാള ഭരണകൂടത്തിലെ അംഗങ്ങളെ പ്രത്യേകമായി  ലക്ഷ്യംവെച്ചുള്ള വലിയൊരു വിഭാഗം സ്ഥലങ്ങളിലെയും ഉപരോധം അന്ന് നീക്കുകയുണ്ടായില്ല.

Related Articles