Current Date

Search
Close this search box.
Search
Close this search box.

മ്യാന്മറില്‍ അനധികൃത പള്ളികള്‍ പൊളിച്ചു മാറ്റും

യാങ്കോണ്‍: മ്യാന്മറില്‍ വംശീയ കലാപത്താല്‍ കലുഷിതമായ രാഖിന്‍ സംസ്ഥാനത്ത് പള്ളികളും മുസലിം മത പാഠശാലകളുമുള്‍പ്പെടെ മുഴുവന്‍ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വടക്കന്‍ രാഖിനിലെ മുസലിം ഭൂരിപക്ഷ നഗരങ്ങളായ മൗങ്ക്‌ഡോ ബുദിഡോങ് എന്നിവിടങ്ങളില്‍ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച 12 പള്ളികളും 35 മദ്രസകളും ഉള്‍പ്പെടെ 3000ലധികം കെട്ടിടങ്ങളാണ് പൊളിക്കാനിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അനുമതിയില്ലാതെ നിര്‍മ്മിച്ച പള്ളികളും മറ്റുകെട്ടിടങ്ങളും നിയമത്തിന് അനുസൃതമായി കൊണ്ടവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് രാഖിന്‍ സുരക്ഷ അതിര്‍ത്തികാര്യ മന്ത്രി കേണല്‍ ടയിന്‍ ലിന്‍ പറഞ്ഞു. മതകെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടി പ്രദേശത്തെ മുസലിം ബുദ്ധ സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാന്‍ നിമിത്തമായേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തീരുമാനം മതസംഘര്‍ഷങ്ങള്‍ക്കും മറ്റു അനഭിലഷണീയമായ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്ന് ഒരു മുസലിം നേതാവ് പ്രതികരിച്ചു.
2012 മുതല്‍ സംസ്ഥാനത്ത് രാഖിന് വംശജരായ ബുദ്ധമതക്കാരും മുസലിംകളും തമ്മില്‍ നടന്നുവരുന്ന സംഘര്‍ഷത്തില്‍ 100 ഓളം പേര്‍ മരിക്കുകയും 140,000 ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. ഇവരിലധികവും റോഹിങ്ക്യന്‍ മുസലിംകളായിരുന്നു. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പീഡിത ന്യൂനപക്ഷവിഭാഗമാണ് റോഹിങ്ക്യന്‍ മുസലിംകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്തെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്തര്‍ദേശീയ സമ്മര്‍ദം ശക്തമായിട്ടുണ്ട്‌

Related Articles