Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ പരിപാടിയില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ മദ്‌റസകളോട് യു.പി സര്‍ക്കാര്‍

ലഖ്‌നോ: സെപ്റ്റംബര്‍ 22ന് വരാണസിയില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംവാദ പരിപാടിയില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ വരാണസിയിലെ മദ്‌റസകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലമാണ് വരാണസി. സെപ്റ്റംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളുമായി ഡി.എല്‍.ഡബ്ല്യു ഓഡിറ്റോറിയത്തില്‍ ഒരു ‘സംവാദ’ പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും പ്രസ്തുത പരിപാടി നടക്കുന്ന സ്ഥലത്തേക്ക് സ്ത്രീകളെ എത്തിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കാണെന്നുമാണ് വരാണസി ജില്ലയിലെ ന്യൂനപക്ഷ ക്ഷേമകാര്യ ഓഫീസര്‍ വിജയ് പ്രതാപ് യാദവ് കത്തില്‍ മദ്‌റസകളോട് പറഞ്ഞിരിക്കുന്നത്.
മദ്‌റസ അധ്യാപകരുടെ ഒരു സംഘടന ഈ നിര്‍ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ”സംസ്ഥാന സര്‍ക്കാറിന്റെ ഈ ഉത്തരവിനെ എതിര്‍ക്കും. കാരണം, ഞങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരാണ്, അല്ലാതെ ബി.ജെ.പിയുടെയോ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെയോ പ്രവര്‍ത്തകരല്ല.” എന്ന് മദാരിസെ അറബിയ്യ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദീവാന്‍ സാഹിബ് സമാന്‍ ഖാന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളെ എത്തിക്കല്‍ ഞങ്ങളുടെ പരിപാടിയല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles