Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും: പ്യൂ റിസര്‍ച്ച്

വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള മതമായി 2070ഓടെ ഇസ്‌ലാം മാറുമെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പ്രവചനം. ലോക ജനസംഖ്യയേക്കാള്‍ വേഗത്തില്‍ വളരുന്ന ഏകമതം ഇസ്‌ലാമാണെന്നും പഠനം അഭിപ്രായപ്പെട്ടു. 2010നും 2050നും ഇടയില്‍ മുസ്‌ലിം ജനതകള്‍ക്കിടയില്‍ 73 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രധാന ലോകമതങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങളെ കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നത്. വളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്തുള്ള ക്രിസ്തുമതത്തിന് 35 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പഠനം അഭിപ്രായപ്പെടുന്നത്.
2050ഓടെ ലോക ജനസംഖ്യയില്‍ 37 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ പറയുന്നു. 2010ല്‍ ലോക മുസ്‌ലിം ജനസംഖ്യ 160 കോടിയും ക്രിസ്ത്യന്‍ ജനസംഖ്യ 217 കോടിയുമായിരുന്നു. 2050ഓടെ മുസ്‌ലിംകളുടെ എണ്ണം 276 കോടിയും ക്രിസ്ത്യാനികളുടെ എണ്ണം 292 കോടിയുമായി മാറും. നിലവിലെ വളര്‍ച്ചാ നിരക്ക് തുടര്‍ന്നാല്‍ 2070ഓടെ മുസ്‌ലിംകളുടെ എണ്ണം ക്രിസ്ത്യാനികളുടെ എണ്ണത്തെ മറികടക്കും. എന്നും റിപോര്‍ട്ട് വിവരിച്ചു.
നിലവില്‍ മുസ്‌ലിംകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇന്തോനേഷ്യയാണെങ്കിലും 2050ഓടെ മുസ്‌ലിംകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ അതിനെ മറികടക്കുമെന്നും പഠനം പ്രതീക്ഷിക്കുന്നു.
അതേസമയം നിരീക്ഷരവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെയും മതമില്ലാത്തവരുടെയും എണ്ണത്തില്‍ യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും വര്‍ധനവുണ്ടാകും. എന്നാല്‍ 2050 ആകുന്നതോടെ ലോകതലത്തില്‍ അവരുടെ എണ്ണം 16.4 ശതമാനത്തില്‍ നിന്നും 13.2 ശതമാനമായി മാറുമെന്നും പഠനം പ്രവചിക്കുന്നു. മറ്റു മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെയും മതമില്ലാത്തവരായി മാറുന്നതിന്റെയും ഫലമായി ക്രിസ്ത്യാനികളുടെ എണ്ണം പിന്നോട്ടടിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ലോകത്ത് നാല്‍പത് ദശലക്ഷം പേര്‍ ക്രിസ്തുമതം സ്വീകരിക്കുമ്പോള്‍ 106 ദശലക്ഷം പേര്‍ അതുപേക്ഷിക്കുന്നവരായി മാറുമെന്നും അത് അഭിപ്രായപ്പെട്ടു.

Related Articles