Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ സമാജ്‌വാദിയെ പാഠം പഠിപ്പിക്കണം: സയ്യിദ് ബുഖാരി

രാംപൂര്‍: സമാജ്‌വാദി പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും കുറിച്ച ആലോചനകള്‍ ഉപേക്ഷിച്ച് ഉത്തര്‍പ്രദേശ് മുസ്‌ലിംകള്‍ മറ്റൊരു സാധ്യത തേടണമെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ശാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി. ടൈംസ് ഓഫ് ഇന്ത്യയോട് ടെലിഫോണിലൂടെ നടത്തിയ സംസാരത്തിലാണ് സമാജ്‌വാദി പാര്‍ട്ടിയോടുള്ള എതിര്‍പ്പ് അദ്ദേഹം പ്രകടിപ്പിച്ചത്. 2012 അസംബ്ലി തെരെഞ്ഞെടുപ്പില്‍ മുലായം സിങ് യാദവിനൊപ്പം വേദി പങ്കിട്ട അദ്ദേഹം സമാജ്‌വാദി പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അവര്‍ (സമാജ്‌വാദി) മുസ്‌ലിംകളെ വഞ്ചിക്കുകയും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണക്കുയും ചെയ്തുവെന്നും അതിന്റെ നേതാക്കള്‍ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇമാം പറഞ്ഞു. 2012 തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ അവര്‍ വാഗ്ദാനം ചെയ്തതായിരുന്നു അക്കാര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. വരാനിരിക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ തങ്ങളെ വഞ്ചിച്ച സമാജ്‌വാദി പാര്‍ട്ടിയെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്‌ലിം സമുദായത്തിന് 18 ശതമാനം സംവരണമടക്കം നിരവധി വാഗ്ദാനങ്ങള്‍ അവര്‍ നല്‍കിയിരുന്നുവെങ്കിലും മുസ്‌ലിംകളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles