Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകളുടെ യഥാര്‍ഥ സുഹൃത്തിനെയാണ് ട്രംപില്‍ കാണുന്നത്: സൗദി

വാഷിംഗ്ടണ്‍: ഇറാന്‍ പ്രദേശത്തിന് സുരക്ഷാ വെല്ലുവിളിയാണെന്നതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഒരേ അഭിപ്രായമാണെന്ന് സൗദി കിരീടാവകാശിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്ച്ച ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ സുപ്രധാന വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് ഇറാന്‍ നടത്തുന്ന നീക്കളുടെ അപകടത്തെ സംബന്ധിച്ച് ഇരു നേതാക്കള്‍ക്കും ഒരേ കാഴ്ച്ചപ്പാടാണുള്ളതെന്നും ഭീകരസംഘടനകളെ പിന്തുണച്ചു കൊണ്ട് ഇസ്‌ലാമിക ലോകത്ത് നിയമസാധുത നേടാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നതെന്നും സൗദി ഉപദേഷ്ടാവിന്റെ പ്രസ്താവന പറഞ്ഞു. ഇറാന്‍ ആണവ ഉടമ്പടി പ്രദേശത്തെ സംബന്ധിച്ചടത്തോളം ദോഷകരവും അപകടമുണ്ടാക്കുന്നതുമാണെന്നും പ്രദേശത്തിന്റെ രാഷ്ട്രീയം അറിയുന്നവരില്‍ ഞെട്ടലാണ് അതുണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനിലെ റാഡിക്കല്‍ ഭരണകൂടത്തിന് ആണവായുധം വികസിപ്പിച്ചെടുക്കാനുള്ള സാവകാശമല്ലാതെ മറ്റൊന്നും അതിലൂടെ ഉണ്ടാവുകയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരു നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ച കാര്യങ്ങളെ അതിന്റെ ശരിയായ ദിശയിലേക്ക് തിരിച്ചു വിടുകയും സാമ്പത്തികം, രാഷ്ട്രീയം, സൈനികം, സുരക്ഷാ തുടങ്ങിയ മുഴുവന്‍ മേഖലകളിലുമുള്ള ഉഭയകക്ഷി സഹകരണത്തില്‍ വലിയ കുതിച്ചു ചാട്ടത്തിന് അത് വഴിയൊരുക്കുകയും ചെയ്യും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ പ്രാധാന്യം ട്രംപ് മനസ്സിലാക്കിയതിന്റെയും പ്രദേശത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിന്റെയും ഫലമാണിത്. എന്നും പ്രസ്താവന വ്യക്തമാക്കി. ട്രംപിന്റെ ഇസ്‌ലാമിനോടുള്ള നിലപാട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമാണെന്നും ക്രിയാത്മകമായ സമീപനമാണ് അദ്ദേഹം ഇസ്‌ലാമിനോട് വെച്ചുപുലര്‍ത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്റെ കൂടിക്കാഴ്ച്ചക്ക് ശേഷമുള്ള പ്രസ്താവന സൂചിപ്പിച്ചു. ഇസ്‌ലാമിക ലോകവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും മുസ്‌ലിംകളുടെ യഥാര്‍ഥ സുഹൃത്തിനെയാണ് അദ്ദേഹത്തില്‍ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles