Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് നിരോധനം മുസ്‌ലിം സ്ത്രീകള്‍ക്ക് നേട്ടമുണ്ടാക്കില്ല: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: മുത്വലാഖ് നിരോധിക്കുന്നത് കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യേക നേട്ടമൊന്നും ഉണ്ടാവാനില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീറും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. മുത്വലാഖ് നിയമവിരുദ്ധമാക്കിയാലും ഭാര്യമാരെ പ്രയാസപ്പെടുത്താനുദ്ദേശിക്കുന്നവര്‍ അത് തുടരുകയും അവരുടെ അവകാശങ്ങള്‍ തടയുകയും ചെയ്യും. അത് കൂടുതല്‍ സങ്കീര്‍ണതകളുണ്ടാക്കുകയും സ്ത്രീകളുടെ അന്തസ്സിനെയും പദവിയെയും അപകടത്തിലാക്കുകയും ചെയ്യും. വിവാഹമോചനം ചെയ്യപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നം വല്ലാതെ ഊതിപ്പെരുപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം സമുദായത്തിനകത്തെ സവിശേഷ പ്രശ്‌നമാണിതെന്ന വാദത്തെ കണക്കുകള്‍ അംഗീകരിക്കുന്നില്ല. എന്നും ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി നടത്തിയ മുസ്‌ലിം വ്യക്തിനിയമ ബോധവല്‍കരണ കാമ്പയിന്റെ നേട്ടങ്ങള്‍ പത്രസമ്മേളനത്തില്‍ കാമ്പയിന്‍ കണ്‍വീനര്‍ മുഹമ്മദ് ജാഫര്‍ വിശദീകരിച്ചു. മുസ്‌ലിം വ്യക്തിനിയങ്ങളെ സംബന്ധിച്ച് മുസ്‌ലിംകളെ ബോധവല്‍കരിക്കുകയും രാജ്യനിവാസികളുടെ അത് സംബന്ധിച്ച തെറ്റിധാരണകള്‍ നീക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെയാണ് ജമാഅത്തെ ഇസ്‌ലാമി വ്യക്തിനിയമ ബോധവല്‍കരണ കാമ്പയിന്‍ നടത്തിയത്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഭാഗത്തു നിന്ന് വമ്പിച്ച സ്വീകാര്യതയാണ് കാമ്പയിന് ലഭിച്ചതെന്ന് കണ്‍വീനര്‍ അറിയിച്ചു. രാജ്യത്തെ മുസ്‌ലിം പണ്ഡിതന്‍മാരുടെ അകമഴിഞ്ഞ പിന്തുണ കാമ്പയിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പത്രസമ്മേളനത്തില്‍ രാജ്യത്ത് വളര്‍ന്നു വരുന്ന അരാജകത്വത്തെ കുറിച്ച് സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍ നിര്‍ഭയ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു.

Related Articles