Current Date

Search
Close this search box.
Search
Close this search box.

മുംബൈ ട്രെയിന്‍ സ്‌ഫോടന കേസ്; പ്രതികളെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

മുംബൈ: മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ കുറ്റക്കാരെന്ന് വിചാരണാ കോടതി വിധിച്ച 12 മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ദേശീയ തലത്തില്‍ തന്നെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക നന്ദിത ഹസ്‌കര്‍. 2006ലുണ്ടായ ട്രെയിന്‍ സ്‌ഫോടനത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ക്ക് പിന്തുണയുമായി We are innocent എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്നസന്റ് നെറ്റ്‌വര്‍ക്, മില്ലി തഹ്‌രീക്, മൂല്‍ നിശ്വാസി മുസ്‌ലിം മഞ്ച്, റിപബ്ലിക്കന്‍ പാന്‍ഥേര്‍സ് മഹാരാഷ്ട്ര, വഹ്ദത്തെ ഇസ്‌ലാമി മഹാരാഷ്ട്ര തുടങ്ങിയ കൂട്ടായ്മകള്‍ സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മുംബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പേര്‍ക്ക് വേണ്ടിയുള്ള പോരാട്ടമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും നന്ദിത ഹസ്‌കര്‍ തന്റെ സംസാരത്തില്‍ വ്യക്തമാക്കി. അമേരിക്കയില്‍ കറുത്തവര്‍ക്ക് നേരെയുള്ള വംശീയ വിവേചനം അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനകത്ത് മുസ്‌ലിംകളുടെയും ദലിതുകളുടെ പ്രശ്‌നത്തിന് തതുല്യ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പോലീസിനാല്‍ ചോദ്യം ചെയ്യപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കുകയോ ചെയ്യുന്നവര്‍ പോലും ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്ന ഒരു അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അഭിഭാഷകന്‍ മഹറൂക് ആദന്‍വാല പറഞ്ഞു. രാജ്യത്ത് വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിംകളും ദലിതുകളും അടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചായിരുന്നു പ്രഭാഷകര്‍ സംസാരിച്ചത്.
ഏറെ വിഷലിപ്തമായ ഒരാശയം നമ്മുടെ സമൂഹത്തില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്നും മരണത്തിന്റെയും അക്രമത്തിന്റെയും യഥാര്‍ത്ഥ ദല്ലാള്‍മാര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ നിരപരാധികളായ മുസ്‌ലിംകളും ദലിതുകളും അഴിക്ക് പിന്നില്‍ കിടക്കേണ്ടി വരുന്നുവെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.ജി. കൊല്‍സെ പാട്ടീല്‍ പറഞ്ഞു. ഇതിനെതിരെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ കഴിഞ്ഞ വര്‍ഷം പ്രത്യേക കോടതി 5 പേര്‍ക്ക് വധശിക്ഷും 7 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. 2006 ജൂലൈ 11ന് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles