Current Date

Search
Close this search box.
Search
Close this search box.

മാലേഗാവ് സ്‌ഫോടനം; കാണാതായ പ്രതികളെ എ.ടി.എസ് കൊന്നതാണെന്ന് വെളിപ്പെടുത്തല്‍

മുംബൈ: 2008 മാലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ടിരുന്ന രണ്ട് പ്രതികളെ യഥാര്‍ത്ഥത്തില്‍ എ.ടി.എസ് (ഭീകര വിരുദ്ധ സ്‌ക്വാഡ്) 2008 നവംബര്‍ 26-ന് കൊലപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിലെ മുന്‍ ഓഫീസര്‍ രംഗത്ത് വന്നു. പിടികിട്ടാപുള്ളികളായി കണക്കാക്കപ്പെടുന്ന രാമചന്ദ്ര കാല്‍സാംഗ്രെ, സന്ദീപ് ദാംഗെ എന്നിവരെയാണ് എ.ടി.എസ് കൊന്ന് കളഞ്ഞതെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലിസ് ഇന്‍സ്‌പെക്ടര്‍ മെഹ്ബൂബ് മുജവ്വര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 2016 ആഗസ്റ്റ് 19-ന് മുജവ്വര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും, തെളിവുകള്‍ ഹാജറാക്കുകയും ചെയ്തിരുന്നു. ടൈംസ് നൗ ടി.വി ചാനലിന് മുജവ്വര്‍ നല്‍കിയ അഭിമുഖത്തിന് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്.
2008 സെപ്റ്റംബര്‍ 29-നാണ് മാലേഗാവ് ബോംബ് സ്‌ഫോടനം നടക്കുന്നത്. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും, 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍, ലെഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് തുടങ്ങിയവര്‍ ഉള്‍പ്പെടെ സംഭവവുമായി ബന്ധമുള്ള ഒട്ടേറെ പേരെ എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു. കാല്‍സാംഗ്രെ, സന്ദീപ് ദാംഗെ എന്നിവരടക്കം 14 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ കാല്‍സാംഗ്രെ, സന്ദീപ് ദാംഗെ എന്നിവരെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
കൊലപാതകത്തെ സംബന്ധിച്ച വിവരങ്ങള്‍ മൂടിവെക്കാനാണ് മഹാരാഷ്ട്ര പോലിസിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് മുജവ്വര്‍ ആരോപിച്ചു. ‘അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഞങ്ങള്‍ പരിശോധിക്കും’ എന്‍.ഐ.എ-യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരമൊരു ആരോപണം പരസ്യമായി ഉന്നയിക്കുന്നതിന് മുമ്പ് മുജവ്വര്‍ എന്‍.ഐ.എ-യുമായി ബന്ധപ്പെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അതേ സമയത്ത് തന്നെയാണ് എ.ടി.എസ് ഭോപ്പാലില്‍ നിന്നും കാല്‍സാംഗ്രയെയും, ദാംഗെയെയും പൊക്കിയത്. 26/11/2008-ന് (മുംബൈ ഭീകരാക്രമണ ദിവസം) മുംബൈയില്‍ വെച്ച് രണ്ടു പേരെയും വെടിവെച്ച് കൊന്നു.’ മുജവ്വര്‍ ആരോപിച്ചു. കൊല്ലുന്നതിന് മുമ്പ് കാലാ ചൗക്കിലെ എ.ടി.എസ് ഒഫീസിലാണ് രണ്ടു പേരെയും ‘സൂക്ഷിച്ചിരുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു. ശേഷം കാണാതായെന്ന് പറയപ്പെടുന്ന ഈ രണ്ടു പേരെ തിരയുന്നതിന് വേണ്ടി എ.ടി.എസ് തന്നെ കര്‍ണാടകയിലേക്ക് അയച്ചുവെന്നും മുജവ്വര്‍ പറഞ്ഞു.
താന്‍ അവരെ കൊല്ലുന്നതിന് എതിരായിരുന്നതിനാല്‍, തന്നെ നിശബ്ദനാക്കുന്നതിന് വേണ്ടി 2009 ഏപ്രില്‍ 15-ന് സോലാപൂരില്‍ തനിക്കെതിരെ ഒരു വ്യാജ കേസ് കെട്ടിച്ചമച്ചതായും, ഏപ്രില്‍ 17-ന് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും മുജവ്വര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുജവ്വറിനെ ഡി.ജി.പിയുടെ ഓഫീസില്‍ വെച്ച് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. എ.ടി.എസ്സിന്റെ കണ്ടെത്തല്‍ പ്രകാരം, സ്‌ഫോടനം നടത്തിയതിന്റെ മുഖ്യസൂത്രധാരരില്‍ ദയാനന്ദ് പാണ്ടെ കഴിഞ്ഞാല്‍ രണ്ടാമത് വരുന്നത് രാംജി കാല്‍സാംഗ്രെയായിരുന്നു.

Related Articles