Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കടന്നു

ഖുദ്‌സ്: അധിനിവേശ സേനയുടെ സംരക്ഷണത്തില്‍ ജൂത കുടിയേറ്റക്കാരുടെ മൂന്ന് സംഘങ്ങള്‍ ഇന്ന് രാവിലെ മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ അതിക്രമിച്ചു കയറി. അതോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ ആക്രമണത്തിന് ശേഷം ആദ്യമായി വിനോദ സഞ്ചാരികളും മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ പ്രവേശിച്ചു. നമസ്‌കാരത്തിനായി എത്തിയ വിശ്വാസികളോ ഔഖാഫ് നിശ്ചയിച്ച ഗാര്‍ഡുകളോ ഇല്ലാത്ത സന്ദര്‍ഭത്തിലാണ് കുടിയേറ്റക്കാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവേശിച്ചതെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കറാം പറഞ്ഞു. ഞായറാഴ്ച്ച ഉച്ചയോടെ മസ്ജിദിലേക്കുള്ള ഗേറ്റുകള്‍ ഇസ്രയേല്‍ തുറന്നെങ്കിലും അവിടെ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങളുള്ള ഇലക്ട്രോണിക് ഗേറ്റിലൂടെ കടക്കാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നില്ല.
ഇസ്രയേല്‍ ഏര്‍പ്പെടുത്തി കനത്ത സുരക്ഷാ നടപടികള്‍ക്കിടയിലും അല്‍അഖ്‌സയുടെ ഗേറ്റില്‍ ഏതാനും വിശ്വാസികള്‍ സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചിരുന്നു എന്നും റിപോര്‍ട്ട് വിവരിച്ചു. മസ്ജിദിന്റെ അല്‍അസ്ബാത്, അല്‍മജ്‌ലിസ് ഗേറ്റുകളിലാണ് ഇസ്രയേല്‍ ഇലക്ട്രോണിക് പരിശോധനാ സംവിധാനങ്ങള്‍ സ്ഥാപിച്ചത്. ഇതല്ലാത്ത ഗേറ്റുകള്‍ ഇസ്രയേല്‍ ഇതുവരെ തുറന്നിട്ടില്ലെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
മസ്ജിദിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളിലൂടെ അവിടത്തെ നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്തുകയാണെന്ന് ഖുദ്‌സിലെയും ഫലസ്തീനിലെയും മുസ്‌ലിം പണ്ഡിതന്‍മാരും നേതാക്കളും മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ ഔഖാഫിന്റെ നിലപാട് വളരെ വ്യക്തമാണെന്നും മസ്ജിദുല്‍ അഖ്‌സയുടെ ചരിത്രപരമായ നില തുടരുക എന്നതാണത് എന്നും ഔഖാഫ് ഡയറക്ടര്‍ ശൈഖ് അസ്സാം അല്‍ഖതീബ് പറഞ്ഞു. അതിന്റെ ഗേറ്റുകള്‍ക്ക് മുമ്പില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ ഞങ്ങള്‍ അനുവദിക്കില്ല. മസ്ജിദുല്‍ അഖ്‌സക്കുള്ളില്‍ യാതൊരു തടസ്സവുമില്ലാതെ സ്വതന്ത്രമായി നമസ്‌കരിക്കാന്‍ ഒരു മുസ്‌ലിമിന് സാധിക്കേണ്ടതുണ്ട്. ഇലക്ട്രോണിക് ഗേറ്റുകളോടുള്ള ഞങ്ങളുടെ എതിര്‍പ്പ് ശക്തമായി തുടരുന്നു. ഞങ്ങളുടെ നിലപാടില്‍ ഒരു വിട്ടുവീഴ്ച്ചക്കും ഞങ്ങള്‍ തയ്യാറല്ല. എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം ളുഹ്ര്‍ നമസ്‌കാരത്തിന് തൊട്ടു മുമ്പായി മസ്ജിദിന്റെ ഗേറ്റ് തുറന്നപ്പോള്‍ മസ്ജിദുല്‍ അഖ്‌സ ഡയറക്ടര്‍ ഉമര്‍ അല്‍കസ്‌വാനിയും മറ്റ് ഔഖാഫ് ജീവനക്കാരും പരിശോധനക്ക് വിധേയരാവാന്‍ വിസമ്മതിച്ചു. ഫലസ്തീന്‍ ഗാര്‍ഡുകളെ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായി അല്‍അഖ്‌സയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് അധിനിവേശ ഭരണകൂടം അവരില്‍ ചിലരെ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ നടപടിക്കെതിരെ അല്‍ജിഹാദുല്‍ ഇസ്‌ലാമിയും ഹമാസും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

Related Articles