Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുകള്‍ക്കുള്ള വിദേശ ഫണ്ട് നിരോധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: മസ്ജിദുകളുടെ നിര്‍മാണത്തിന് പ്രാദേശികമല്ലാത്ത ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് മാനുവല്‍ വാള്‍സ് വ്യക്തമാക്കി. ‘ലെ മോണ്ട്’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്. ഫ്രഞ്ച് ഭരണകൂടവും രാജ്യത്തെ മുസ്‌ലിം സ്ഥാപനങ്ങളുമായുള്ള സഹകരണത്തിന് പുതിയ തലങ്ങള്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും ഫ്രാന്‍സില്‍ ഇസ്‌ലാമുമായി പുതിയൊരു ബന്ധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് സൂചിപ്പിച്ചു.
ഭരണകൂടവും ഇസ്‌ലാമിക സ്ഥാപനങ്ങളും തമ്മിലുള്ള സംവാദത്തിന് പ്രഥമ പരിഗണന നല്‍കുന്നതോടൊപ്പം തന്നെ മൗലികവാദ ആശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുര്‍ബാനക്കിടെ ചര്‍ച്ചില്‍ അതിക്രമിച്ചു കയറി വൈദികനെ കൊലപ്പെടുത്തിയ ആദില്‍ കര്‍മീശ് എന്ന പ്രതിയുടെ കാര്യത്തില്‍ നീതിന്യായ വ്യവസ്ഥക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് അംഗീകരിച്ചു. 2015 മാര്‍ച്ചിലാണ് ആദില്‍ സിറിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ആദ്യം ജര്‍മന്‍ പൊലീസിന്റെ പിടിയിലാവുന്നത്. പിന്നീട്, ഫ്രാന്‍സിലേക്ക് തിരിച്ചയച്ച ആദിലിനെ ജയിലിലടച്ചു. ഉപാധികളുടെ അടിസ്ഥാനത്തില്‍ പരോള്‍ ലഭിച്ച ഉടന്‍ വീണ്ടും സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇത്തവണ തുര്‍ക്കി വഴിയായിരുന്നു നീക്കം. അധികൃതര്‍ പിടികൂടി ഫ്രാന്‍സിലേക്കയച്ചു. 2015 മേയ്വരെ തടവിലിട്ടു.  പ്രോസിക്യൂട്ടര്‍മാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ ആദിലിനെ മോചിപ്പിക്കപ്പെടുകയായിരുന്നു. സിറിയയിലേക്ക് കടക്കാനുള്ള നീക്കങ്ങളില്‍ കുറ്റബോധം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മോചിപ്പിച്ചതെന്നാണ് കോടതിഭാഷ്യം.

Related Articles