Current Date

Search
Close this search box.
Search
Close this search box.

മതേതര വോട്ടുകള്‍ വിഘടിക്കുന്നത് തടയുക: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ മതേതര വോട്ടുകള്‍ വിഘടിക്കുന്നത് തടയണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ജനങ്ങളോട് ആഹ്വാനം ചെയ്തു. മതേതര വോട്ടുകള്‍ വിഘടിക്കുന്നത് തടയാന്‍ മുസ്‌ലിംകളോട് മാത്രമല്ല മുഴുവന്‍ ആളുകളോടുമാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്. നല്ല വ്യക്തിത്വവും ഉറച്ച മതേതര നിലപാടുമുള്ള, വര്‍ഗീയ ശക്തികളുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള സ്ഥാനാര്‍ഥികളെ ഞങ്ങള്‍ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ആരെയാണ് പിന്തുണക്കുകയെന്ന ചോദ്യത്തിന് അവിടത്തെ സാഹചര്യം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ആര്‍ക്കാണ് പിന്തുണയെന്നത് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി. രാജ്യത്തെ ജനങ്ങള്‍ നോട്ട് അസാധുവാക്കല്‍, ദാരിദ്ര്യം, അഴിമതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ ഗുരുതരമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോഴും വര്‍ഗീയ ശക്തികള്‍ രാമക്ഷേത്രം പോലുള്ള വൈകാരിക വിഷയങ്ങളും ഒട്ടും പ്രസക്തമല്ലാത്ത മുത്വലാഖ് പോലുള്ള വിഷയങ്ങളുമാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
2017-18 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ സംബന്ധിച്ച ജമാഅത്തിന്റെ നിരീക്ഷണം ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍ ചുരുക്കി വിവരിച്ചു. നോട്ട് അസാധുവാക്കലിന്റെ ദോഷഫലങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ബജറ്റില്‍ ഇല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ അനുവദിക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെയും അദ്ദേഹം അപലപിച്ചു.

Related Articles