Current Date

Search
Close this search box.
Search
Close this search box.

ഭോപാല്‍ വെടിവെയ്പ്;ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക: എഫ്.ഡി.സി.എ

കൊച്ചി: ഭോപാലിലെ ജയില്‍ ചാട്ടത്തെത്തുടര്‍ന്ന് 8 യുവാക്കള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തിരമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഫോറം ഫോര്‍ ഡെമോക്രസി അന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) കേരളാ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ധീന്‍ ആവശ്യപ്പെട്ടു. പോലീസിന്റെയും ഭരണാധികാരികളുടെയും വിശദീകരണങ്ങളിലുള്ള പൊരുത്തക്കേടുകള്‍ സംഭവം സംബന്ധിച്ച ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ മാര്‍ക്കണ്ഡേയ കട്ജുവിന്റെയും ഗോപാല ഗൗഡയുടെയും അഭിപ്രായ പ്രകടനങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അടിവരയിടുന്നതാണ്. പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നു പറഞ്ഞ് അന്വേഷണങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജയില്‍ ചാട്ടം മാത്രമല്ല വെടിവെപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. വിചാരണത്തടവുകാര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്ന പൊട്ടിത്തെറി ഭരണകൂടം ഗൗരവത്തോടെ കാണണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിച്ച് ദുരൂഹതയകറ്റണമെന്ന് എഫ്.ഡി.സി.എ നോര്‍ത്ത് മേഖല എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന, ന്യൂനപക്ഷങ്ങള്‍ തിങ്ങിതാമസിക്കുന്ന ഒരു നാടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ഗൂഢനീക്കമാണ് സംഭത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മതസൗഹാര്‍ദവും സാഹോദര്യവും നിലനില്‍ക്കുന്ന ഒരു നാടിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ അനുവദിക്കരുത്. സമുദായങ്ങളെ വര്‍ഗീയമായി ദ്രുവീകരിക്കാന്‍ ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കൃത്രിമ സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയാണോ ഇത് എന്നത് ബലപ്പെട്ടിരിക്കുന്നു. കേരളത്തിലെവിടെയും ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ജാഗ്രത്താവണമെന്നും ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അഡ്വ. പി.എ. പൗരന്‍ അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, ടി.കെ. ഹുസൈന്‍, അഡ്വ. ലൈല അഷ്‌റഫ്, ഡോ. പി.ജെ വിന്‍സന്റ്, അഡ്വ. കെ.എം. തോമസ്, കെ.സി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles