Current Date

Search
Close this search box.
Search
Close this search box.

ഭൂരിഭാഗം ഫ്രഞ്ച് മുസ്‌ലിംകളും ശിരോവസ്ത്ര നിരോധനത്തോട് വിയോജിക്കുന്നവര്‍

പാരീസ്: സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കണമെന്ന അഭിപ്രായക്കാരാണ് ഫ്രഞ്ച് മുസ്‌ലിംകളിലെ 65 ശതമാനം ആളുകളുമെന്ന് ഐഫോപ് (Institut français d’opinion publique) നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ഫ്രഞ്ച് മതേതര ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന കാര്യമാണത്. ഇരുപത് ശതമാനം ഫ്രഞ്ച് മുസ്‌ലിം പുരുഷന്‍മാരും 28 ശതമാനം മുസ്‌ലിം സ്ത്രീകളും ശരീരം പൂര്‍ണമായി മറക്കുന്ന വസ്ത്രധാരണ രീതിയെ അനുകൂലിക്കുന്നവരാണെന്നും ജേര്‍ണല്‍ ഡു ദിമാന്‍ഷെ എന്ന ഫ്രഞ്ച് വാരിക പ്രസിദ്ധീകരിച്ച ഫലം സൂചിപ്പിക്കുന്നു.
ഫ്രഞ്ച് റിപബ്ലികിന്റെ നിയമങ്ങളേക്കാള്‍ പ്രാധാന്യം ഇസ്‌ലാമിക ശരീഅ നിയമങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്നുണ്ടോ എന്ന ചോദ്യത്തോട് 29 ശതമാനം മുസ്‌ലിംകളും അതെയെന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്. അവിടത്തെ 70 ശതമാനം മുസ്‌ലിംകളും ഹലാല്‍ മാംസത്തിന്റെ കാര്യത്തില്‍ കണിശത പുലര്‍ത്തുന്നവരാണെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഏപ്രില്‍ 13 – മെയ് 23 വരെയുള്ള കാലയളവില്‍ പതിനഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള 1029 പേരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയിരിക്കുന്നത്.
65 ദശലക്ഷം വരുന്ന ഫ്രഞ്ച് ജനസംഖ്യയുടെ പത്ത് ശതമാനം മുസ്‌ലിംകളാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ഫ്രഞ്ച് മുസ്‌ലിംകളുടെ 85 ശതമാനവും അമ്പത് വയസ്സിന് താഴെയുള്ളവരാണെന്നും അത് സൂചിപ്പിച്ചു.

Related Articles