Current Date

Search
Close this search box.
Search
Close this search box.

ഭീതിയുണ്ടാക്കുന്ന ഒന്നല്ല ഇസ്‌ലാമെന്ന് കുട്ടികളെ പഠിപ്പിക്കണം: അനിത നായര്‍

കൊല്‍ക്കത്ത: ഇസ്‌ലാം ‘ഭീതിപ്പെടുത്തുന്ന മതം’ അല്ലെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ ഇന്ത്യന്‍ നോവലിസ്റ്റ് അനിതാ നായര്‍. കുട്ടികള്‍ക്കായി ഖുര്‍ആനില്‍ നിന്നുള്ള കഥകള്‍ സമര്‍പ്പിച്ചിട്ടുള്ള എഴുത്തുകാരിയാണ് അവര്‍. ഇസ്‌ലാമിനെ കുറിച്ച കുട്ടികളുടെ തെറ്റായ ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്നും ഈയടുത്ത് പുറത്തിറങ്ങിയ തന്റെ ‘Muezza and Baby Jaan: Stories From the Quran’ എന്ന പുസ്തകത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
കുട്ടികളില്‍ നിന്നാണ് നാം തുടങ്ങേണ്ടത്. ഹിന്ദു, ബുദ്ധ മതങ്ങളെ പോലെ ഒരു മതമാണ് ഇസ്‌ലാം എന്നും അതിന്റെ വേദം മറ്റു വേദങ്ങളെ പോലെയാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ എളുപ്പമാണ്. പലരും കരുതുന്ന പോലെ ഇസ്‌ലാമിനെ ഭീതിയോടെ കാണേണ്ടുന്ന ഒന്നും തന്നെയില്ല. എന്നും എപിജെ കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച് IANS വാര്‍ത്താ ഏജന്‍സിയോട് അനിത നായര്‍ പറഞ്ഞു. ഇത് ചെയ്യാന്‍ താല്‍പര്യമുള്ള എത്രയോ മുസ്‌ലിം എഴുത്തുകാരെ എനിക്കറിയാം. എന്നാല്‍ മതപ്രചാരണമായി കണക്കാക്കപ്പെടുമോ എന്ന കാരണത്താല്‍ മടിച്ചു നില്‍ക്കുകയാണവര്‍. ഞാനൊരു ഹിന്ദുവായതിനാല്‍ മതപ്രചാരണത്തിന്റെ പ്രശ്‌നം ഉയരുന്നില്ല. മതം ജനങ്ങള്‍ക്കായി തുറന്നുവെക്കുകയാണ് ഇതിലൂടെ. എന്നും അവര്‍ പറഞ്ഞു.
ഖുര്‍ആന്‍ സംബന്ധിച്ച രചനകളുടെ അഭാവത്തെ കുറിച്ചും അവര്‍ സംസാരത്തില്‍ ചൂണ്ടിക്കാണിച്ചു. ഖുര്‍ആനെ കുറിച്ച് ഒന്നും എഴുതപ്പെട്ടിട്ടില്ല. ബൈബിള്‍ കഥകളും ഹിന്ദു പുരാണങ്ങളും ജാതക കഥകളുമെല്ലാം ലഭ്യമാണ്. എന്നാല്‍ ഖുര്‍ആനിലുള്ള ഒന്നുമില്ല. ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖുര്‍ആനെ ബലിയാടാക്കുന്ന ഇക്കാലത്ത് അതിന് വലിയ പ്രസക്തിയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. ഖുര്‍ആന്‍ വായിക്കുമ്പോള്‍ എങ്ങനെ ജീവിക്കണമെന്ന് വിശദീകരിച്ചു തരുന്ന കഥകളുടെ ഒരു ശേഖരമാണതെന്ന് ബോധ്യപ്പെടുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles