Current Date

Search
Close this search box.
Search
Close this search box.

ഭീകരതയെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല: സാകിര്‍ നായിക്

മുംബൈ: ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കൊണ്ട് ഇസ്‌ലാമിക മതപ്രഭാഷകന്‍ ഡോ. സാകിര്‍ നായിക്. സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ചാവേറാക്രമണങ്ങളെല്ലാം ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ല. പക്ഷെ ചിലപ്പോള്‍ ചിലര്‍ എന്റെ അടുത്തുവന്ന് ഫോട്ടോ എടുക്കാറുണ്ട്. അവര്‍ ആരാണെന്ന് തനിക്കറിയില്ല. സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക സംവിധാനവും ഏതെങ്കിലും തരത്തിലുള്ള ചോദ്യവുമായി തന്നെ സമീപിച്ചിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാരുമായോ പൊലീസുമായോ തനിക്കൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റ് ചെയ്ത വീഡിയോകളെ ആശ്രയിക്കരുതെന്ന് അദ്ദഹം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള, ചാവേറാക്രമണങ്ങളെ താന്‍ അപലപിച്ചില്ലെന്ന് കാണിക്കുന്ന എഡിറ്റ് ചെയ്യാത്ത വീഡിയോ കാണിക്കാന്‍ കഴിയുമോ എന്നും സാകിര്‍ നായിക് ചോദിച്ചു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. ബ്രിട്ടനില്‍ മാത്രമാണ് തന്റെ പ്രഭാഷണം വിലക്കിയിട്ടുള്ളത്. മലേഷ്യയില്‍ വിലക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി തനിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 25 വര്‍ഷമായി താന്‍ മതപ്രഭാഷണം നടക്കുന്നുണ്ട്. താന്‍ സമാധാനത്തിന്റെ സന്ദേശ വാഹകനാണ്. നിരപരാധിയായ ഒരാളെ കൊല ചെയ്താല്‍ ലോകത്തെ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു.
വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം സാകിര്‍ നായികിന്റെ സ്‌കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം ഇന്നലെ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയിലുള്ള സാകിര്‍ നായിക് ഇന്ന് രാവിലെ 11 മണിക്ക് ദക്ഷിണ മുംബൈയിലെ ബോയ്‌സ് ഹാളില്‍ വെച്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയത്.

Related Articles