Current Date

Search
Close this search box.
Search
Close this search box.

ബോകോ ഹറാമിന് ഐഎസ് തെരെഞ്ഞെടുത്ത പുതിയ നേതൃത്വം

അബൂജ: നൈജീരിയയിലെ ബോകോ ഹറാമിന്റെ പുതിയ നേതൃത്വത്തെ ഐഎസ് തെരെഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഐഎസിനോട് കൂറ് പ്രഖ്യാപിച്ച് അനുസരണ പ്രതിജ്ഞ ചെയ്ത സംഘടനയാണ് ബോകോ ഹറാം. ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച സംഘടനയുടെ ‘അന്നബഅ്’ വാരികയിലെ അഭിമുഖത്തിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സംഘടനയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അബൂ മുസ്അബ് ബര്‍നാവിയെ തെരെഞ്ഞെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. ബോകോ ഹറാം അവഗണിക്കപ്പെടാനാവാത്ത ശക്തിയായി തുടരുകയാണെന്നും ഇപ്പോഴും പുതിയ ആളുകളെ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ ബര്‍നാവി പറഞ്ഞു. മസ്ജിദുകള്‍ക്കും മുസ്‌ലിംകള്‍ വന്നുപോകുന്ന പൊതു മാര്‍ക്കറ്റുകളിലുമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2009 മുതല്‍ ബോകോ ഹറാമിന് നേതൃത്വം നല്‍കുന്ന അബൂബകര്‍ ശികാവിയെ കുറിച്ച് ഐഎസ് പരാമര്‍ശം ഒന്നും നടത്തിയിട്ടില്ലെന്നും അല്‍ജസീറ റിപോര്‍ട്ട് പറഞ്ഞു.
ബോകോ ഹറാമിന്റെ കഥകഴിക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുന്‍ സൈനിക മേധാവി കൂടിയായിരുന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരി പറഞ്ഞു. 2014ന്റെ അവസാനത്തോടെ ബോകോ ഹറാം നൈജീരിയയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളുടെ വലിയൊരു ഭാഗം തങ്ങളുടെ അധീനതയിലാക്കിയിരുന്നു. എന്നാല്‍ അയല്‍ രാഷ്ട്രങ്ങളിലെ സൈന്യങ്ങളുടെ പിന്തുണയോടെ നൈജീരിയന്‍ സേന നടത്തിയ ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവതെ പലയിടത്തു നിന്നും അവര്‍ക്ക് പിന്‍മാറേണ്ടി വന്നു. 2015 മാര്‍ച്ചിലാണ് ബോകോ ഹറാം ഐഎസിനോട് കൂറ് പ്രഖ്യാപിച്ച് അനുസരണ പ്രതിജ്ഞ ചെയ്തത്. പിന്നീട് ഐഎസിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിംഗായിട്ടാണ് അവര്‍ അറിയപ്പെട്ടത്.

Related Articles