Current Date

Search
Close this search box.
Search
Close this search box.

ബാല്‍ഫര്‍ പ്രഖ്യാപനം; ഫലസ്തീന്‍ ബ്രിട്ടനെതിരെ നിയമനടപടിക്ക് അറബ് പിന്തുണ തേടി

നുവാക്ശൂത്: ഇസ്രയേല്‍ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് വഴിയൊരുക്കിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ കാരണക്കാരായ ബ്രിട്ടനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലിക് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ തേടി. അതേസമയം ഇസ്രയേലുമായി സമാധാനം സ്ഥാപിക്കാനുള്ള ഫ്രഞ്ച് നിര്‍ദേശത്തെ മാലികി സ്വാഗതം ചെയ്തു. നുവാക്ശൂത്തില്‍ നടന്ന അറബ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാല്‍ഫര്‍ പ്രഖ്യാപനം നടത്തിയവരെന്ന നിലക്ക് ബ്രിട്ടനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് തന്റെ രാഷ്ട്രം അറബ് പിന്തുണ തേടുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്ത മാലികി പറഞ്ഞു. ഫലസ്തീനിലെ ബ്രിട്ടീഷ് മാന്‍ഡേറ്ററി ഭരണം അവസാനിക്കുന്നത് വരെ (1920-1948) നടന്ന ഇസ്രയേല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മണ്ണിലും വിശുദ്ധ ഭൂമിയിലുമുള്ള ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിന് അടിയുറച്ച് നിലകൊള്ളുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ് ഞങ്ങള്‍. കുടിയേറ്റ പ്രവര്‍ത്തനങ്ങളും അധിനിവേശവും മുമ്പില്ലാത്തവിധം മോശമായ രീതിയില്‍ തുടരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇസ്രയേല്‍ കൂട്ടശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വീടുകള്‍ തകര്‍ക്കുകയും വംശീയവിവേചന നയങ്ങള്‍ സ്വീകരിക്കുകയും മൃതദേഹങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാര മാര്‍ഗം നിര്‍ദേശിക്കുന്നതില്‍ അന്താരാഷ്ട്ര ക്വാര്‍ട്ടെറ്റ് പരാജയപ്പെട്ടിരിക്കുയാണ്. ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന റിപോര്‍ട്ടാണ് അത് പുറത്തുവിട്ടിരിക്കുന്നത്. എന്നും ഫലസ്തീന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അറബ് മണ്ണിലെ അധിനിവേശം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇസ്രേയലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ആര്‍ഥര്‍ ജെയിംസ് ബാല്‍ഫര്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന റോത്‌സ് ചൈല്‍ഡ് പ്രഭുവിന് അയച്ച എഴുത്താണ് ബാല്‍ഫര്‍ പ്രഖ്യാപനം എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. ഫലസ്തീനില്‍ ജൂതന്‍മാര്‍ക്ക് വേണ്ടി ഫലസ്തീനില്‍ ഒരു രാഷ്ട്രം രൂപീകരിച്ചു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതായിരുന്നു അത്.

Related Articles