Current Date

Search
Close this search box.
Search
Close this search box.

ബര്‍ഗൂഥി അറഫാത്തിനേക്കാള്‍ വലിയ ഭീകരന്‍: ഇസ്രയേല്‍ ജനറല്‍

തെല്‍അവീവ്: ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂഥി മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനേക്കാള്‍ വലിയ ഭീകരനാണെന്ന് റിട്ടയേഡ് ഇസ്രയേല്‍ ജനറല്‍ മോഷെ ഇല്‍ആദ്. അതുകൊണ്ട് അദ്ദേഹത്തെ മോചിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫതഹ് പാര്‍ട്ടി നേതാവായ ബര്‍ഗൂഥി സമാധാന കാംക്ഷിയല്ലെന്നും ചില ഇസ്രയേലികള്‍ അദ്ദേഹത്തെ ‘ഫലസ്തീന്റെ നെല്‍സണ്‍ മണ്ടേല’ എന്ന് വിശേഷിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിലൂടെ ഇസ്രയേലിന് ഭാവിയില്‍ എന്ത് പ്രയോജനമാണുള്ളതെന്നും ഇല്‍ആദ് ചോദിച്ചു.
നേരത്തെ 2004ല്‍ ബര്‍ഗൂഥി കുറ്റവാളിയാണെന്ന് ഇസ്രയേല്‍ കോടതി വിധിച്ചിട്ടുണ്ടെന്നും അഞ്ച് ഇസ്രയേലികളുടെ വധത്തില്‍ പങ്കുണ്ടെന്ന കുറ്റം ചുമത്തി അഞ്ച് തവണ ജീവപര്യന്തത്തിന് വിധിക്കപ്പെട്ടയാളാണ് അദ്ദേഹമെന്നും യെദിയോത് അഹരനോത് പത്രത്തിലെ ലേഖനത്തില്‍ അദ്ദേഹം വിവരിച്ചു. എന്നാല്‍ അതോടൊപ്പം തന്നെ ചില ഇസ്രയേല്‍ രാഷ്ട്രീയക്കാര്‍ ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും അദ്ദേഹത്തെ ‘സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നയാളാണെ’ന്ന് വിശേഷിപ്പിച്ച് മോചിപ്പിക്കണമെന്നും പറയുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തി അദ്ദേഹം ഭാവിയില്‍ ഫലസ്തീന്റെ നേതൃതലത്തിലേക്ക് കടന്നു വരാന്‍ സാധ്യതയുള്ള ആളാണെന്നും അതുകൊണ്ട് അദ്ദേഹത്തെ മോചിപ്പിക്കുന്നത് ഫലസ്തീനികളുമായി സമാധാനമുണ്ടാക്കുന്നതിന് സഹായകമാകുമെന്നും ചില ഇസ്രയേല്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായപ്പെടുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി ലക്ചറായ ഇല്‍ആദ് വ്യക്തമാക്കി. ‘ഫലസ്തീന്‍ മണ്ടേല’ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനല്ലെന്നും ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ സായുധ സംഘം രൂപീകരിച്ച അദ്ദേഹം മണ്ടേലെയേക്കാള്‍ അറഫാത്തിനോടാണ് അടുത്ത് നില്‍ക്കുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles