Current Date

Search
Close this search box.
Search
Close this search box.

ബന്ദികള്‍ക്ക് പകരം ഗസ്സക്ക് തുറമുഖവും എയര്‍പോര്‍ട്ടും നല്‍കാമെന്ന് ലിബര്‍മാന്‍

തെല്‍അവീവ്: ഉപാധികളോടെ ഗസ്സയില്‍ വ്യവസായ മേഖലയൊരുക്കി ഫലസ്തീനികള്‍ക്ക് 40000 തൊഴിലവസരങ്ങള്‍ നല്‍കുന്നതിനൊപ്പം തുറമുഖവും എയര്‍പോര്‍ട്ടും സ്ഥാപിക്കാന്‍ അനുമതി നല്‍കാനും ഇസ്രയേല്‍ ഭരണകൂടം തയ്യാറാണെന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍. ഹമാസ് ബന്ദികളാക്കിയിട്ടുള്ള ഇസ്രയേല്‍ സൈനികരെ വിട്ടുകൊടുക്കുക എന്നതാണ് അതിന് പകരമായി അദ്ദേഹം മുന്നോട്ടു വെച്ച ഉപാധികളില്‍ ഏറ്റവും പ്രധാനം. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം ഹമാസ് രേഖകളില്‍ നിന്ന് നീക്കം ചെയ്യുക, ഹമാസ് ആയുധം ഉപേക്ഷിക്കുക, അവര്‍ ബന്ധിയാക്കിയിരിക്കുന്ന ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിക്കുക തുടങ്ങിയവയും ഉപാധികളാണെന്ന് യെദിയോത്ത് അഹരനോത്ത് പത്രം വ്യക്തമാക്കി.
നാല് ഇസ്രയേല്‍ സൈനികര്‍ തങ്ങളുടെ പക്കല്‍ ബന്ദികളായുണ്ടെന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഹമാസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവര്‍ ജീവനോടെയുണ്ടോ മൃതദേഹങ്ങളാണോ എന്നത് ഹമാസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഗസ്സ യുദ്ധത്തില്‍ രണ്ട് ഇസ്രയേല്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ലെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ആരോണ്‍ ഷാഉല്‍, ഹദാര്‍ ഗോള്‍ഡിന്‍ എന്നീ സൈനികരുടെ മൃതദേഹങ്ങളാണവ. അതോടൊപ്പം തന്നെ നിയമവിരുദ്ധമായി ഗസ്സയില്‍ പ്രവേശിച്ച രണ്ട് ഇസ്രയേല്‍ പൗരന്‍മാരെയും കാണാതായിരുന്നു. അതില്‍ ഒരാള്‍ എത്യോപ്യന്‍ വംശജനും മറ്റേയാള്‍ അറബ് വംശജനുമാണ്. ഗസ്സക്ക് മേലുള്ള ഉപരോധം ലഘുകരിക്കുന്നതിന് പകരമായി ബന്ധികളെ മോചിപ്പിക്കുക എന്ന വ്യവസ്ഥയുമായി ഇസ്രയേല്‍ മുന്നോട്ടു വന്നിരുന്നുവെങ്കിലും ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ഗസ്സയില്‍ നിന്നുള്ള തടവുകാരെ മോചിപ്പിക്കാത്ത ഒരു കൈമാറ്റ കരാറിനും തയ്യാറല്ലെന്ന് ഹമാസ് നേതാവ് മഹ്മൂദ് സഹാര്‍ വ്യക്തമാക്കി.

Related Articles