Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശിന്റെ മുറിവുകള്‍ വധശിക്ഷയിലൂടെ ഉണങ്ങുകയില്ല: തുര്‍ക്കി

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് മീര്‍ ഖാസിം അലിയെ തൂക്കികൊന്നതില്‍ തുര്‍ക്കി അതിയായ ദുഖം രേഖപ്പെടുത്തി. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡും വധശിക്ഷയെ ശക്തമായി അപലപിച്ചിട്ടുണ്ട്. അതേസമയം വധശിക്ഷ നടപ്പാക്കിയതിലുള്ള പാകിസ്താന്റെ ദുഖപ്രകടനം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ബംഗ്ലാദേശ് ഭരണകൂടം ആരോപിച്ചു.
ബംഗ്ലാദേശിന് കഴിഞ്ഞ കാലത്തുണ്ടായ മുറിവുകള്‍ വധശിക്ഷകള്‍ ഉണക്കുകയില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സഹോദര രാഷ്ട്രമായ ബംഗ്ലാദേശ് സമൂഹത്തില്‍ ഈ സംഭവത്തില്‍ വിള്ളലുകള്‍ക്ക് കാരണമാവാതിരിക്കട്ടെയെന്നും തുര്‍ക്കിയുടെ പ്രസ്താവന പറഞ്ഞു. രാഷ്ട്രീയ പ്രേരിതവും നീതിരഹിതവുമായ വിചാരണകള്‍ക്ക് ശേഷം നടന്ന അതിക്രമമാണ് മീര്‍ ഖാസിമിന്റെ വധശിക്ഷയെന്ന് ഈജ്പ്ത് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉപാധ്യക്ഷന്‍ ഇബ്‌റാഹീം മുനീര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അധാര്‍മിക ഭരണകൂടത്തോട് ദയാഹരജി സമര്‍പ്പിക്കാന്‍ തയ്യാറാവാത്ത രക്തസാക്ഷിയുടെ നിലപാടുകളില്‍ സ്ഥൈര്യത്തോടെ നിലകൊള്ളാന്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരോട് പ്രസ്താവന ആഹ്വാനം ചെയ്തു. ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയതിനെ നേരത്തെ അപലപിച്ചിരുന്നു. ഹസീന വാജിദ് ഭരണകൂടം അതിന്റെ വഴികേടില്‍ തുടരുകയാണെന്നും 1971ല്‍ ബംഗ്ലാദേശ് പാകിസ്താനില്‍ നിന്നും വിമോചനം നേടുന്നതിനെ എതിര്‍ത്ത ഇസ്‌ലാമിസ്റ്റുകളെയും ദേശീയ നേതാക്കളെയും ഇല്ലാതാക്കുകയെന്ന നടപടിയുമായി അവര്‍ മുന്നോട്ടു പോവുകയാണെന്നും ഖറദാവി പറഞ്ഞു.
ഖാസിം അലിയുടെ വധശിക്ഷക്ക് സ്വീകരിച്ച നടപടികള്‍ ന്യൂനതകളുള്ളതാണെന്ന് അഭിപ്രായപ്പെടുകയും ശിക്ഷ നടപ്പാക്കിയതില്‍ അതീവ ദുഖം രേഖപ്പെടുത്തുകയും ചെയ്ത പാകിസ്താന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായിട്ടാണ് ബംഗ്ലാദേശ് അതിനെ കാണുന്നത്.

Related Articles