Current Date

Search
Close this search box.
Search
Close this search box.

ഫ്ലോറിഡ മസ്ജിദിന് തീവെച്ച പ്രതിക്ക് 30 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: ഫ്ലോറിഡയില്‍ മസ്ജിദിനും ഇസ്‌ലാമിക് സെന്ററിനും തീവെച്ച കേസിലെ പ്രതി ജോസഫ് ഷ്രെയ്ബറിന് അമേരിക്കന്‍ കോടതി 30 വര്‍ഷം തടവ് വിധിച്ചു. ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നൈറ്റ് ക്ലബ്ബില്‍ വെടിവെപ്പ് നടത്തിയയാള്‍ ഇടക്കിടെ സന്ദര്‍ശിച്ചിരുന്ന മസ്ജിദിനായിരുന്നു പ്രതി തീവെച്ചത്. ഓറഞ്ച് നിറമുള്ള വസ്ത്രത്തില്‍ കൈകളില്‍ വിലങ്ങോടെ ഹാജരാക്കപ്പെട്ട പ്രതി ജഡ്ജി സ്റ്റീവന്‍ ലെവിന്റെ വിധിക്കെതിരെ ഒന്നും പറഞ്ഞില്ല. കോടതിയുടെ വിധിയോട് എതിര്‍പ്പ് രേഖപ്പെടുത്താതിരിക്കല്‍ കുറ്റം സമ്മതിക്കലായിട്ടാണ് അമേരിക്കയില്‍ കണക്കാക്കപ്പെടുന്നത്.
മസ്ജിദിനും ഇസ്‌ലാമിക് സെന്ററിനും പ്രതിയുടെ പ്രവര്‍ത്തനം കാരണം ഒരു ലക്ഷത്തിലേറെ ഡോളറിന്റെ കേടുപാടുകള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും 10,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 15ാം വാര്‍ഷിക ദിനമായ കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ഫോര്‍ട്ട് പിയേസ് സെന്ററിന് (Fort Pierce Center) തീവെച്ച കുറ്റം 32കാരനായ പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ഇസ്‌ലാക് സെന്റര്‍ മേധാവികള്‍ നമസ്‌കാരം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു എന്നത് നമസ്‌കാരം സാധ്യമല്ലാത്ത രീതിയില്‍ അതിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു എന്നതാണ് വ്യക്തമാക്കുന്നത്. ഓര്‍ലാന്‍ഡോ നൈറ്റ് ക്ലബ് ആക്രമണം നടത്തിയ പ്രതി ഉമര്‍ മതീനുമായി ഫ്ലോറിഡ മസ്ജിദ് ആക്രമണത്തിന് ബന്ധമില്ലെന്ന് ചോദ്യം ചെയ്യലില്‍ ഷ്രെയ്‌ബെര്‍ പറഞ്ഞിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സ്റ്റീവ് ജോണ്‍സണ്‍ വ്യക്തമാക്കി. ഉമര്‍ മതീന്‍ കുടുംബസമ്മേതം ഈ മസ്ജിദിനടുത്തുള്ള ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ മതീന്‍ നടത്തിയ നൈറ്റ് ക്ലബ് ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്‌ലാമികാധ്യാപനങ്ങള്‍ ദേശസുരക്ഷക്ക് അപകടമുയര്‍ത്തുന്നതായി ഷ്രെയ്‌ബെര്‍ ചോദ്യം ചെയ്യുന്നതിനിടെ പറഞ്ഞതായും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.

Related Articles