Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ആഫ്രിക്കന്‍ ഉച്ചകോടിക്ക് സമാപനം

കീഗാലി: ഗസ്സക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം റുവാണ്ടന്‍ തലസ്ഥാനമായ കീഗാലിയില്‍ നടന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കള്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശം തുടരുന്നതിനെ അപലപിച്ച നേതാക്കള്‍ ഫലസ്തീന്‍ വിഷയത്തില്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ കഴിഞ്ഞ ആഫ്രിക്കന്‍ ഉച്ചകോടികളിലെന്ന പോലെ കീഗാലിയില്‍ സമാപിച്ച അവസാനത്തെ ഈ ഉച്ചകോടിയിലും ഫലസ്തീന്‍ മുഖ്യവിഷയമായി ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. മാത്രമല്ല, ഈ ഉച്ചകോടിയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിച്ച ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് പുറത്തുള്ള ഏക നേതാവും അദ്ദേഹമായിരുന്നു.
ആഫ്രിക്കന്‍ യൂണിയനില്‍ നിരീക്ഷകാംഗത്വം ലഭ്യമാകുന്നതിന് ഇസ്രയേല്‍ അവരുമായി ബന്ധം നിലനിര്‍ത്തുന്ന ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ സഹായം തേടിയത് ഉച്ചകോടിയില്‍ വിഷയമായില്ല. റുവാണ്ട അടക്കമുള്ള കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഇസ്രയേല്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആഫ്രിക്കന്‍ യൂണിയന്റെ കൂടുതലായി കടന്നു ചെല്ലാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല എന്നാണിത് വ്യക്തമാക്കുന്നതെന്ന് അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഹസന്‍ അബ്ദുറസൂല്‍ പറഞ്ഞു. ആഫ്രിക്കന്‍ യൂണിയന്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ദക്ഷിണാഫ്രിക്ക, അള്‍ജീരിയ, നൈജീരിയ, സെനഗല്‍ എന്നീ രാഷ്ട്രങ്ങല്‍ ഇസ്രയേലിനോടുള്ള നയത്തില്‍ ഒരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, ഗസ്സക്ക് മേലുള്ള ഉപരോധത്തെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളാണ് അവയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

1967ലെ യുദ്ധത്തിന് ശേഷം പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഇസ്രേയലുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നു. പിന്നീട് ഈജിപ്തുമായി ഇസ്രയേല്‍ സമാധാന കരാര്‍ ഉണ്ടാക്കിയതിന് ശേഷമാണ് ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി അടുക്കുന്നത്. എന്നാല്‍ ബന്ധം പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പരിമിതമായ തലങ്ങളില്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്. ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ബന്ധങ്ങള്‍. 54 അംഗരാഷ്ട്രങ്ങളുള്ള ആഫ്രിക്കന്‍ യൂണിയനും ഇസ്രയേലുമായി ബന്ധം വിഛേദിച്ചിരിക്കുകയാണ്.

Related Articles