Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ യുവതിയുടെ മൃതദേഹം ഇസ്രയേല്‍ തടഞ്ഞുവെച്ചു

വെസ്റ്റ്ബാങ്ക്: നാബുലുസിലെ വടക്കന്‍ അസീറയില്‍ റഹീഖ് ശജീഅ് ബൈറാവിയെന്ന ഫലസ്തീന്‍ യുവതി ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് രക്തസാക്ഷിയായി. സഅ്തറ ചെക്‌പോയന്റിലെ സൈനികരാണ് യുവതിക്ക് നേരെ വെടിവെച്ചത്. യുവതിയുടെ മൃതദേഹം തടഞ്ഞുവെച്ചിരിക്കുന്ന അധിനിവേശ ഭരണകൂടം അന്വേഷണത്തിനായി അവരുടെ പിതാവിനെ തടവിലാക്കുകയും ചെയ്തു.
പത്തൊമ്പതുകാരിയായ യുവതി കത്തിയുപയോഗിച്ച് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചരുന്നു എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആരോപണം. വെടിയേറ്റ് രക്തം വാര്‍ന്നു പോകുന്ന അവസ്ഥയില്‍ യുവതിക്ക് വൈദ്യസഹായം നല്‍കാന്‍ ശ്രമിച്ച ആംബുലന്‍സ് സംഘത്തെ സൈനികര്‍ തടഞ്ഞതായും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. തങ്ങളുടെ കല്‍പന മാനിക്കാതെ മുന്നോട്ടു പോയതിനാലാണ് യുവതിയെ വെടിവെച്ചതെന്നും വെടിവെച്ചതിന് ശേഷം അവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് കത്തി കണ്ടെടുത്തെന്നുമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.
നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നാണ് വടക്കന്‍ അസീറ പ്രവിശ്യയുടെ മേധാവി നാസിര്‍ ജവാബിറ സംഭവത്തോട് പ്രതികരിച്ചത്. ‘അധിനിവേശകരുടെ കുറ്റകൃത്യത്തെ’ ന്യായീകരിക്കാനുള്ള കേവലം വാദം മാത്രമാണ് യുവതി കത്തിയുപയോഗിച്ച് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത ഇസ്രയേല്‍ സൈന്യം പതിവു രീതിയനുസരിച്ച് നഗരത്തില്‍ റെയ്ഡ് നടത്തി അവരുടെ വീട് തകര്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവാഹിതയായി അമേരിക്കയില്‍ കഴിയുന്ന യുവതി തന്റെ ഉറ്റവരെ കാണുന്നതിനായിട്ടാണ് ഫലസ്തീനില്‍ എത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles