Current Date

Search
Close this search box.
Search
Close this search box.

ഫത്ഹുശ്ശാം നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

അലപ്പോ: തെക്കു പടിഞ്ഞാറന്‍ അലപ്പോയില്‍ ‘ജബ്ഹത്തു ഫത്ഹുശ്ശാം’ നേതാക്കളുടെ യോഗ സ്ഥലം ലക്ഷ്യമാക്കി അന്താരാഷ്ട്ര സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ ഫത്ഹ് സൈന്യത്തിന്റെ നേതാവ് അബൂഹാജര്‍ അല്‍ഹിംസിയും അബൂമുസ്‌ലിം അശ്ശാമിയെന്ന മറ്റൊരു നേതാവും കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട്. വ്യോമാക്രമണത്തില്‍ നേതാവ് കൊല്ലപ്പെട്ടതായി ഫത്ഹുശ്ശാം ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
സഖ്യത്തിന്റെ ആക്രമണം രണ്ട് നേതാക്കളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ജബ്ഹത്തുശ്ശാം നേതാക്കളിലൊരാളായ ജുമുഅ അബൂ അഹ്മദ് പറഞ്ഞു. അലപ്പോയിലെ ഗ്രാമങ്ങളില്‍ സിറിയന്‍ ഭരണകൂട സേനയെ നേരിടുന്നതിന് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും അതിന് ശേഷമാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ആക്രമണം നടത്തിയത് റഷ്യന്‍ വിമാനങ്ങളാണോ അതല്ല അന്താരാഷ്ട്ര സഖ്യത്തിന്റെയോ സിറിയയുടെയോ വിമാനങ്ങളാണോ എന്നത് വ്യക്തമല്ലെന്നാണ് സിറിയന്‍ കേന്ദ്രങ്ങള്‍ പറയുന്നത്.
ഇദ്‌ലിബ് പ്രവിശ്യയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്ന സിറിയന്‍ ഗ്രൂപ്പുകളുടെ സഖ്യമാണ് ഫത്ഹുശ്ശാം എന്ന പേരില്‍ അറിയപ്പെടുന്നത്. നിലവില്‍ തെക്കന്‍ അലപ്പോയില്‍ സിറിയന്‍ സൈന്യവുമായി അവര്‍ പോരാടി കൊണ്ടിരിക്കുകയാണ്. 2015 മുതല്‍ ഇദ്‌ലിബില്‍ ഫത്ഹിന് നേതൃത്വം നല്‍കുന്ന നേതാവാണ് അബൂഉമര്‍ സറാഖിബ് എന്ന പേരിലും അറിയപ്പെട്ടിരുന്ന അബൂഹാജര്‍.

Related Articles