Current Date

Search
Close this search box.
Search
Close this search box.

പൗരാണിക അലപ്പോ നഗരത്തിന്റെ മൂന്നിലൊന്നും നാമാവശേഷമാക്കപ്പെട്ടു: യുനെസ്‌കോ

ദമസ്‌കസ്: ലോക പൈതൃകങ്ങളുടെ കൂട്ടത്തില്‍ എണ്ണിയിട്ടുള്ള സിറിയയിലെ പൗരാണിക അലപ്പോ നഗരത്തിന് യുദ്ധം വരുത്തിയ കേടുപാടുകള്‍ യുനെസ്‌കോ വിലയിരുത്തി. സിറിയന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം നഗരത്തിന്റെ മൂന്നിലൊന്നും പൂര്‍ണമായി തകര്‍ക്കപ്പെട്ടിരിക്കുന്നു എന്നാണ് യുനെസ്‌കോ വ്യക്തമാക്കുന്നത്. പൗരാണിക അലപ്പോ നഗരത്തിന്റെ 60 ശതമാനം വലിയ തോതില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും 30 ശതമാനം ഭാഗങ്ങള്‍ പൂര്‍ണമായി തകര്‍ക്കപ്പെട്ടിരിക്കുന്നു എന്നുമാണ് വെള്ളിയാഴ്ച്ച യുനെസ്‌കോ പ്രസിദ്ധീകരിച്ച പ്രസ്താവന അഭിപ്രായപ്പെടുന്നത്.
ഈ വര്‍ഷം ജനുവരി 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് അടിയന്തിര പ്രാധാന്യത്തോടെ യുനെസ്‌കോ അലപ്പോയില്‍ ലോകപൈതൃകങ്ങള്‍ക്കേറ്റ കേടുപാടുകളെ സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. നഗരത്തിലെ അമവി മസ്ജിദിനും അലപ്പോ കോട്ടക്കും ചരിത്രപ്രാധാന്യമുള്ള മറ്റ് കെട്ടിടങ്ങള്‍ക്കും വലിയ തോതില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ അന്വേഷണം. തദാവശ്യാര്‍ഥം യുനെസ്‌കോ പ്രതിനിധികള്‍ അലപ്പോയിലെ എന്‍.ജി.ഒ പ്രവര്‍ത്തകരുമായും പ്രാദേശിക കൂട്ടായ്മകളിലെ അംഗങ്ങളുമായും കൂടിക്കാഴ്ച്ചകള്‍ നടത്തി. ചരിത്രപ്രധാന നഗരം ദുരിത ഭൂമിയായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും യുനെസ്‌കോ പ്രതിനിധികള്‍ ആണയിട്ടു.
കഴിഞ്ഞ ഡിസംബറില്‍ സിറിയന്‍ ഭരണകൂടം ഒഴിപ്പിക്കുന്നതിന് മുമ്പ് അലപ്പോ നഗരം വിമതരുടെ നിയന്ത്രണത്തിലായിരുന്നു. 2016 ഏപ്രില്‍ 21 മുതല്‍ തത്വദീക്ഷയില്ലാത്ത നിരവധി വ്യോമാക്രമണങ്ങള്‍ക്കാണ് അലപ്പോ വിധേയമാക്കപ്പെട്ടിട്ടുള്ളത്. സിറിയന്‍ സൈന്യം സിവിലിയന്‍ കേന്ദ്രങ്ങളെയും ആശുപത്രികളെയും പോലും ആക്രമണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല.

Related Articles