Current Date

Search
Close this search box.
Search
Close this search box.

‘പൗരന്മാരെ കൊന്നൊടുക്കുന്ന ഫാഷിസ്റ്റ് പദ്ധതിയാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്’

കോഴിക്കോട്: കേരളത്തില്‍ ഭരണത്തിലുള്ള ഇടതുസര്‍ക്കാര്‍ പൗരന്മാരെ കൊന്നൊടുക്കുകയെന്ന ഫാഷിസ്റ്റ് പദ്ധതി തന്നെയാണ് നടപ്പാക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു. കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ ‘വ്യാജ ഏറ്റുമുട്ടല്‍ കൊല: ഗുണഭോക്താക്കള്‍ ആര്?’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച തുറന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഭരണം ഉപയോഗിച്ച് എന്താണോ സംഘ്പരിവാര്‍ ചെയ്യുന്നത്, അത് കേരളത്തില്‍ ഇടതുപക്ഷം നടപ്പാക്കുകയാണെന്നതാണ് സി.പി ജലീലിന്റെ കൊല സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ദേശദ്രോഹത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ചാപ്പകുത്തി പൗരന്മാരെ ആദരിക്കാനും വെടിവെച്ച് കൊല്ലാനുമാണ് ഭരണകൂടം ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളും മറ്റും സര്‍ക്കാറുകളുടെ ഫണ്ടുകള്‍ നിലനിര്‍ത്താനായുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും വയനാട്ടില്‍ അവസാനം നടന്ന മാവോവേട്ടയുടെ പേരിലുള്ള വ്യാജഏറ്റുമുട്ടല്‍ കൊലയും ഇതിന്റെ തുടര്‍ച്ചയാണെന്നും ഇതിനെതിരെ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരണമെന്നും സി.പി ജലീലിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന വൈസ്പ്രസിഡന്റ് സമദ് കുന്നക്കാവ് പറഞ്ഞു.

പ്രമുഖ ചിന്തകന്‍ ഡോ. പി.കെ പോക്കര്‍, എഴുത്തുകാരന്‍ കെ.എസ് ഹരിഹരന്‍, പത്രപ്രവര്‍ത്തകന്‍ കെ.എ ഷാജി, ജലീലിന്റെ സഹോദരന്‍ സി.പി റഷീദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചാസദസ്സ് ന്യൂസിലാന്റില്‍ വംശീയതയുടെ ഇരകളായ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ മുഴക്കി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് അഷ്‌കറലി നന്ദിയും പറഞ്ഞു.

Related Articles