Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്‍ഷ്യല്‍ സംവിധാനം ഭരണഘടനയെയും നിയമത്തെയും ശക്തിപ്പെടുത്തും: എര്‍ദോഗാന്‍

അങ്കാറ: ജനഹിതം മാനിക്കുന്ന, ബാലറ്റ്‌പെട്ടികള്‍ വിധി പറയുന്ന ഭരണഘടനയും ജനാധിപത്യവും നിയമവും പാര്‍ലമെന്റും നിലനില്‍ക്കുന്ന രാജ്യമാണ് തന്റേതെന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനം മേല്‍പറഞ്ഞവയെ ശക്തിപ്പെടുത്തുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. തുര്‍ക്കിയുടെ വടക്കുഭാഗത്തുള്ള കസ്തമോനു പ്രവിശ്യയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കുകയും പ്രസ്തുത ഭേദഗതികള്‍ രാജ്യത്തിന്റെ അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിന് കാരണമാകുമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷ കക്ഷിയായ റിപബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി സമീപനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
ഒരു ഭരണഘടനയും നിയമവും പാര്‍ലമെന്റും ഉണ്ടായിരിക്കുകയും ജനഹിതം മാനിക്കുകയും ബാലറ്റ്‌ബോക്‌സുകള്‍ വിധി നിര്‍ണയിക്കുകയും ചെയ്യുകയാണെങ്കില്‍ ഭരണം ഒരു വ്യക്തിയുടെ മാത്രം കൈകളിലാവില്ല. പ്രസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രസിഡന്റിന് ഉണ്ടായിരിക്കില്ല. ഭേദഗതികളെ എതിര്‍ക്കുന്നവര്‍ കള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കുകയും തുര്‍ക്കി ജനതയെ വഞ്ചിക്കാതിരിക്കുകയുമാണ് വേണ്ടത്. പ്രസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ പ്രസിഡന്റിന് സാധിക്കില്ല. മറിച്ച് പാര്‍ലമെന്റിന് മുന്നില്‍ നിയമത്തിന്റെ കരട് സമര്‍പിക്കാന്‍ മാത്രമാണ് സാധിക്കുക. ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ അതിന്റെ 18ാം ഖണ്ഡിക വായിച്ചിട്ടില്ല. എന്നും എര്‍ദോഗാന്‍ വ്യക്തമാക്കി. ഏപ്രില്‍ 16നാണ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച ഹിതപരിശോധന നടക്കുന്നത്.

Related Articles