Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് പണ്ഡിതന്‍മാര്‍: എം.ഐ അബ്ദുല്‍ അസീസ്

കുറ്റിയാടി: പ്രതിസന്ധികള്‍ നിറഞ്ഞ ദേശീയ അന്തരീക്ഷത്തില്‍ പണ്ഡിതര്‍ പോരാടാന്‍ കരുത്താര്‍ജിക്കണമെന്നും ഓടിയൊളിക്കേണ്ടവരല്ല മുന്നില്‍ നിന്ന് നയിക്കേണ്ടവരാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. കുറ്റിയാടി കുല്ലിയതുല്‍ ഖുര്‍ആനിലെയും ഇബ്‌നുഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെയും വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തും ഇന്ത്യയിലും വംശവെറിയന്മാരും വര്‍ഗീയവാദികളുമൊക്കെ ഭരണംനടത്തികൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. അധിനിവേശത്തിന് എതിരെ പൊരുതിയവരാണ് മുന്‍കാല പണ്ഡിതര്‍. അവരുടെ മാതൃക പിന്‍പറ്റാന്‍ പുതിയ സലമുറക്കും സാധിക്കേണ്ടതുണ്ട് അമീര്‍ പറഞ്ഞു. ഇവിടെ നിന്നും ബിരുദം സ്വീകരിക്കുന്നവരില്‍ പകുതിലേറെ പേര്‍ പെണ്‍കുട്ടുകളാണെന്നത് ഏറെ സന്തോഷകരമാണെന്നും പെണ്‍കുട്ടിള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഇരകളാക്കപ്പെടുന്നവരോട് ഐക്യദാര്‍ഡ്യപ്പെടാനും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനും എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ടെന്നും ബിരുദദാനം നിര്‍വിച്ചുകൊണ്ട് സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ.റഹ്മത്തുന്നിസ ടീച്ചര്‍ പറഞ്ഞു. മുസ്‌ലിം നവോത്ഥാനത്തില്‍ സംരഭകങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ പരിഗണന നല്‍കിയിരുന്നതായും അതിന് കാലികമായ തുടര്‍ച്ച ഉണ്ടാകണമെന്നും സമൂഹത്തിന്റെ കാലിക വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി അബ്ദുല്‍വഹാബ് മുഖ്യപ്രഭാഷണം നടത്തി. ഇബ്‌നു ഖല്‍ദൂനിന്റെ കാഴ്ചപ്പാടുകള്‍ക്ക് കാലികമായി വളരെയധികം പ്രസക്തിയുണ്ട്. നിലവിലെ സമൂഹം അഭിമുഖീകരിക്കുന്ന പലപ്രശ്‌നങ്ങളെയും ഇബ്‌നുഖല്‍ദൂനിന്റെ കാഴ്പ്പാടില്‍ നിന്ന് കൊണ്ട് നിര്‍ധാരണം ചെയ്‌തെടുക്കാന്‍ പറ്റും പ്രഫ. എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. റിലീജ്യസ് എജുക്കേഷന്‍ ട്രസ്റ്റ് (ആര്‍.ഇ.ടി) ചെയര്‍മാന്‍ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് വി.പി ബഷീര്‍, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി.ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി.ടി. ശുഹൈബ്, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം വി.കെ ഹാജറ, കുല്ലിയതുല്‍ ഖുര്‍ആന്‍ മുന്‍ പ്രന്‍സിപ്പാള്‍ കെ.പി കമാലുദ്ദീന്‍, കിണറ്റുംകണ്ടി അമ്മത്, വി.പി ജമാല്‍, വി.എം ലുഖുമാന്‍, ബഷീര്‍ മുഹയദ്ദീന്‍, അബ്ദുല്ല സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എയുടെ സന്ദേശം സദസ്സില്‍ വായിച്ചു. കെ അബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. 21 വിദ്യാര്‍ഥികളാണ് ബിരുദം സ്വീകരിച്ചത്. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.
ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് അറിവിന്റെ സദസ്സ് മതപ്രഭാഷണ പരമ്പര, അക്കാദമിക് സെമിനാര്‍, സാംസ്‌കാരിക സമ്മേളനം, പുര്‍വ വിദ്യാര്‍ഥി സംഗമം, സൗഹൃദ വിരുന്ന്, ഗാനവിരുന്ന് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ഇന്ത്യന്‍ ദേശീയതയും ജനാധിപത്യവും എന്ന തലക്കെട്ടില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മാധ്യമം മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ദേശീയതയെ ബിംബവത്കരിച്ച് ഫാഷിസം വര്‍ഗീയതയുടെ ഭയാനകമായ പ്രയോഗവത്കരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ നിര്‍ലജ്ജം അട്ടിമറിക്കുന്ന ഹിന്ദുത്വ ഭീകരതയെ എതിര്‍ക്കാന്‍ സെക്കുലര്‍ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍, കേളു ഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍, മുസലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടവണ്ണുര്‍, കുറ്റിയാടി ജുമാമസ്ജിദ് ഖത്വീബ് ജഅ്ഫര്‍ വാണിമേല്‍ എന്നിവര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിച്ചു. മീഡിയാ വണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ് മോഡറേറ്റര്‍ ആയിരുന്നു.
ഖുര്‍ആനും സാമൂഹ്യ ശാസ്ത്ര കാഴ്ചപ്പാടും, ഇബ്‌നുഖല്‍ദൂന്‍ വ്യക്തിയും സമൂഹവും എന്നീ വിഷയങ്ങളില്‍ നടന്ന അക്കാദമിക് സെമിനാറില്‍ ജമാഅത്തെ ഇസ്‌ലാമി കേരളാ ശൂറാ അംഗം ടി മുഹമ്മദ് വേളം, കോളജ് പ്രന്‍സിപ്പാള്‍ ഖാലിദ് മൂസാ നദവി. ഇത്താഹാദുല്‍ ഉലമാ മെംബര്‍ മുഹമ്മദ് ഹുസൈന്‍ സഖാഫി, അലീഗഡ് മുസലിം യൂണിവേവ്‌സിറ്റി മലപ്പുറം ലോ ഡിപ്പാര്‍ട്ട്‌മെന്റെ് ഹെഡ് ഫൈസല്‍ ഹുദവി മാരിയാട്, അദര്‍ ബുക്‌സ് എഡിറ്റര്‍ ശമീര്‍ കെ.എസ്, എഴുത്തുകാരന്‍ കെ.ടി സൂപ്പി, ഇര്‍ശാദിയാ കോളജ് ലക്ചറര്‍ ശുഹൈബ് സി, ഇബ്‌നു ഖല്‍ദൂന്‍ ബിരുദ വിദ്യാര്‍ശികളായ ഫാതിമ മദാരി, അസ്ഹറലി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. അറിവിന്റെ സദസ്സ് മതപ്രഭാഷണ പരമ്പരയില്‍ യുവത ബുക്‌സ് ഡയരക്ടര്‍ പി.എം.എ ഗഫൂര്‍, പ്രബോധനം വാരിക മുന്‍ സബ് എഡിറ്റര്‍ അബദുല്‍ഹകീം നദവി, ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ അംഗം ടി.കെ അബ്ദുല്ല മൗലവി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഗമം ടി.കെ അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. പൂര്‍വിദ്യാര്‍ഥി സംഘടനയായ ഫ്രണ്ട്ഷിപ്പ് പ്രസിഡണ്ട് വി.പി ബഷീര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗാനവിരുന്നിന് സംഗീത സംവിധായകന്‍ ഉബൈദ് കുന്നക്കാവ്. ഷാനവാസ് മലപ്പുറം എന്നിവര്‍ നേതൃതവം നല്‍കി.

Related Articles