Current Date

Search
Close this search box.
Search
Close this search box.

പീഡനക്കേസ്: തനിക്കെതിരെ നടക്കുന്നത് കള്ള പ്രചാരണമെന്ന് താരിഖ് റമദാന്‍

പാരിസ്: സ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് കള്ള പ്രചാരണങ്ങളെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ താരിഖ് റമദാന്‍. പീഡിപ്പിച്ചെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ഫ്രാന്‍സ് പൊലിസിന്റെ കസ്റ്റഡിയിലാണ് റമദാന്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിനെതിരെ പൊലിസ് ബലാത്സംഗ കുറ്റം ചുമത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് അദ്ദേഹത്തെ പൊലിസ് അറസ്റ്റു ചെയ്തത്. കേസുമായി ബന്ധപ്പെട്ട വിചാരണക്ക് മൂന്ന് ജഡ്ജിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിചാരണ നാലു ദിവസത്തിനുള്ളില്‍ നടക്കും. അതുവരെ പാരിസ് ജയിലിലാകും അദ്ദേഹം കഴിയുക.

2009ലും 2012ലും ഫ്രാന്‍സിലെ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാരോപിച്ചാണ് രണ്ടു സ്ത്രീകള്‍ റമദാനെതിരേ ആരോപണമുന്നയിച്ചത്. 2017 ഒക്ടോബര്‍ 20നാണ് ഫ്രഞ്ച് എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ഹെന്ദ അയരി റമദാനെതിരെ പൊലിസില്‍ പരാതി നല്‍കുന്നത്. നേരത്തെ അവര്‍ പീഡിപ്പിച്ചയാളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘മീ റ്റൂ’ ക്യാംപയിനിലൂടെയാണ് താരിഖാണ് തന്നെ പീഡിപ്പിച്ചതെന്ന് ഹെന്ദ വെളിപ്പെടുത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അവര്‍ റമദാനെതിരെ സാക്ഷിമൊഴി നല്‍കിയത്. 2009ല്‍ ഹോട്ടല്‍ റൂമില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ് ഭിന്നശേഷിക്കാരിയായ മറ്റൊരു യുവതിയാണ് റമദാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഈ ആരോപണങ്ങളെയെല്ലാം അദ്ദേഹം നിഷേധിച്ചു. തന്നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ നുണപ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന റമദാന്‍ സര്‍വകലാശാലയുമായുണ്ടാക്കിയ പരസ്പര ധാരണപ്രകാരം താല്‍ക്കാലിക അവധിയില്‍ പ്രവേശിക്കുകയായിരുന്നു. സമകാലിക ഇസ്ലാമിക പഠന വിഭാഗത്തിലെ പ്രൊഫസറായ അദ്ദേഹം 2017 നവംബര്‍ ഏഴു മുതലാണ് അവധിയില്‍ പ്രവേശിച്ചത്.

 

Related Articles