Current Date

Search
Close this search box.
Search
Close this search box.

പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ നാല് മന്ത്രിമാരെ മൊറോക്കോ രാജാവ് പുറത്താക്കി

റബാത്: ഹുസൈമ പ്രദേശത്തിന്റെ വികസന പദ്ധതികളില്‍ വീഴ്ച്ച വരുത്തിയതിന് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ നാല് മന്ത്രിമാരെയും ഒരു ഉദ്യോഗസ്ഥനെയും സ്ഥാനഭ്രഷ്ടരാക്കി. വികസത്തിന് വേണ്ടിയും പാര്‍ശ്വവല്‍കരിക്കരുതെന്നാവശ്യപ്പെട്ടും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമാണ് അല്‍ഹുസൈമ. മൊറോക്കോ രാജകൊട്ടാരത്തിന്റെ പ്രസ്താവനയാണ് ഇക്കാര്യം അറിയിച്ചത്. പ്രസ്താവനക്ക് മുന്നോടിയായി മൊറോക്കോ രാജാവ് കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്‌സ് പ്രസിഡന്റ് ഇദ്രിസ് ജെറ്റോ, പ്രധാനമന്ത്രി സഅദുദ്ദീന്‍ ഉഥ്മാനി, ആഭ്യന്തര മന്ത്രി അബ്ദുല്‍ വാഫി ലഫ്തീത്, ധനകാര്യ മന്ത്രി മുഹമ്മദ് ബൂര്‍സഈദ് തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
വികസനത്തിനായി മുറവിളി കൂട്ടിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഹുസൈമയിലും ചില സമീപ ഗ്രാമങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2015 ഒക്ടോബറിലാണ് (കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ച ഭരണകൂടത്തിന്റെ കാലത്ത്) മൊറോക്കോ രാജാവ് ഹുസൈമ വികസന പദ്ധതി പ്രഖ്യാപിച്ചത്. 650 കോടി ദിര്‍ഹമിന്റെ പദ്ധതിയാണ് അതില്‍ പ്രഖ്യാപിച്ചിരുന്നത്. പലവിധ കാരണങ്ങളാലും പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നാണ് മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണത്തിലെ ആഭ്യന്തര മന്ത്രിയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ മുഹമ്മദ് ഹസ്സാദ്, മുന്‍ ഭവനവകുപ്പ് മന്ത്രിയും നിലവിലെ ദേശീയ നിര്‍മാണ വകുപ്പ് മന്ത്രിയുമായ മുഹമ്മദ് നബീല്‍ ബിന്‍അബ്ദുല്ല, ആരോഗ്യമന്ത്രി ഹുസൈന്‍ അല്‍വറൂദി, തൊഴില്‍ വകുപ്പ് മന്ത്രി അല്‍അറബി ബിന്‍ ശൈഖ്, വൈദ്യുതി കുടിവെള്ള വകുപ്പ് ജനറല്‍ സെക്രട്ടറി അല്‍ഫാസി അല്‍ഫിഹ്‌രി എന്നിവരെയാണ് രാജാവ് പുറത്താക്കിയിരിക്കുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles