Current Date

Search
Close this search box.
Search
Close this search box.

നീതി നടപ്പിലാക്കേണ്ട ഭരണകൂടം അനീതിക്ക് നേതൃത്വം നല്‍കുന്നു: അമീന്‍ മമ്പാട്

വടക്കാങ്ങര: രാജ്യത്ത് നീതി നടപ്പിലാക്കേണ്ട ഭരണകൂടം അനീതിക്ക് നേതൃത്വം നല്‍കുകയാണെന്ന് എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം അമീന്‍ മമ്പാട്. അതിനുള്ള എല്ലാ പിന്തുണയും സഹായവും സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭരണകൂടം വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ജുനൈദ്: ഫാഷിസം പിടിമുറുക്കുന്നു’ തലക്കെട്ടില്‍ എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മിന്‍ഹാജ് നന്ദി പറഞ്ഞു.
പ്രതിഷേധ സംഗമത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിന് സെന്‍ട്രല്‍ യൂനിറ്റ് പ്രസിഡന്റ് നബീല്‍ അമീന്‍, സെക്രട്ടറിമാരായ ഫര്‍ദാന്‍ ഹുസൈന്‍, പി.കെ ബാസില്‍, ആദില്‍ ഹുസൈന്‍, നിബ്‌റാസ്, നജീബ്, ഫഹദ്, ഫാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഭീതി സൃഷ്ടിച്ച് ലാഭം കൊയ്യാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്
കാസറകോട്: ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘ് പരിവാര്‍ ശ്രമം അങ്ങേയറ്റം  ആപത്കരമാണെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് അധികാരത്തിലേറിയ സംഘ് പരിവാര്‍ കേരളത്തേയും ലക്ഷ്യമിട്ട് കൊണ്ട് ജില്ലയില്‍ അക്രമങ്ങളും കുപ്രചരണങ്ങളും അഴിച്ച് വിട്ട് സാമുദായിക ധ്രുവീകരണം നടത്തുകയാണ്. ഏറ്റവും ഒടുവില്‍ റിയാസ് മൗലവിയുടെ കൊലപാതകത്തിലൂടെ വൈകാരികമായ പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് തിരി കൊളുത്താനുള്ള ശ്രമമായിരുന്നു ഫാസിസ്റ്റുകള്‍ നടത്തിയത് അണങ്കൂര്‍ , തുരുത്തിയിലെ ഒരു റോഡിന് ഗാസ സ്ട്രീറ്റ് എന്ന പേര് നല്‍കിയതിനെ ഐ.എസിലേക്കും തീവ്രവാദത്തിലേക്കും ചേര്‍ത്ത് നിഷകളങ്കരായ നാട്ട്കാരെ ഭീകര മുദ്ര ചാര്‍ത്തുകയും ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീം വിജയിച്ചപ്പോള്‍ കുംബഡാജെ പഞ്ചായത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും പടക്കം പൊട്ടിച്ചെന്നും വ്യാജ പരാതി നല്‍കുകയും ചെയ്ത ബി.ജെ.പി നേതൃത്വം ഈ സംഭവങ്ങളെ ദേശീയ മാധ്യങ്ങളിലടക്കം വാര്‍ത്തയാക്കുകയും ചെയ്തത് ഗൗരവത്തോടെയാണ് നോക്കിക്കാണേണ്ടത്. കാസറകോട് നഗരത്തിലെ ഒരു ട്യൂഷന്‍ സെന്ററില്‍  മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന് വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത ബി.ജെ.പി നേതാക്കള്‍ ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ തോറ്റ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പില്‍ കള്ള വോട്ട് നടന്നുവെന്നാരോപിച്ച് കോടതിയില്‍ നല്‍കിയ ഹര്‍ജി തിരിഞ്ഞ് കുത്തുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ കുത്സിത ശ്രമങ്ങള്‍ പൊതു സമൂഹം തിരിച്ചറിയണമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് റാഷിദ് മുഹ്യിദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു . എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍ സംബന്ധിച്ചു. ജനങ്ങളെ തമ്മിലടിപ്പിച്ച് കാര്യം നേടുന്ന സംഘ് പരിവാര്‍ അജണ്ടകള്‍ക്കെതിരെ ജനാധിപത്യ ചേരി ശക്തിപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാജിദ് എന്‍.എം , റാസിക് മഞ്ചേശ്വരം, അസ്‌റാര്‍ ബി.എ, ഈസാസുല്ലാഹ് കെ.വി, റാഷിദ് എം.കെ.സി എന്നിവര്‍ സംസാരിച്ചു.

Related Articles