Current Date

Search
Close this search box.
Search
Close this search box.

നാഹിദ് അഫ്രീനെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടില്ലെന്ന് അസം ജംഇയ്യത്തുല്‍ ഉലമ

ഗുഹാവത്തി: ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ റിയാലിറ്റി ഷോയിലൂടെ അറിയപ്പെട്ട നാഹിദ് അഫ്രീന്‍ എന്ന യുവഗായികക്കെതിരെ അസമിലെ 46 പണ്ഡിതന്‍മാര്‍ ഫത്‌വ പുറപ്പെടുവിച്ചുവെന്ന വാര്‍ത്തി തെറ്റാണെന്ന് അസം ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി മൗലവി ഫസ്‌ലുല്‍ കരീം ഖാസിമി വ്യക്തമാക്കി. അസമിലെ ഹോജായ്, നാഗോണ്‍ എന്നീ ജില്ലകളില്‍ വിതരണം ചെയ്ത ഒരു നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അഫ്രീനെതിരെ ഫത്‌വ പുറപ്പെടുവിച്ചുവെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം ആഘോഷിച്ചത്. സംഭവത്തില്‍ ഒരു ഫത്‌വയും പുറപ്പെടുവിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രചരിപ്പിക്കപ്പെട്ട നോട്ടീസില്‍ അഫ്രീന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഉദാലി സോനായി ബിബി കോളേജ് മൈതാനത്താണ് പരിപാടി നിശ്ചയിച്ചിരുന്നത്. മസ്ജിദും ഖബര്‍സ്ഥാനും മദ്‌റസയും അതിന്റെ സമീപത്തുള്ളതിനാല്‍ സംഗീത നിശ പോലുള്ള പരിപാടികള്‍ നടത്തിയാല്‍ അത് ദൈവകോപത്തിന് ഇടയാക്കുമെന്നും അത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അസം ജംഇയ്യത്തുല്‍ ഉലമയുടെ ഓഫീസ് ജീവനക്കാരും വിവിധ മദ്‌റസകളിലെ അധ്യാപകരുമാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.
മതപരമായ പ്രാധാന്യമുള്ള സ്ഥലമായതിനാലാണ് വിട്ടുനില്‍ക്കാനാവശ്യപ്പെട്ടത്. ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ മദ്യപാനികള്‍ അവിടെ കൂത്താടും. മുമ്പ് അങ്ങനെ നടന്നിട്ടുണ്ട്. സമുദായം അഫ്രീനില്‍ അഭിമാനിക്കുന്നു. എന്നും ഫസ്‌ലുല്‍ കരീം ഖാസിമി പറഞ്ഞു.

Related Articles