Current Date

Search
Close this search box.
Search
Close this search box.

നരസിംഹ റാവുവിന്റെ ‘മൃദുഹിന്ദുത്വ മനസ്സ്’ ബാബരി ധ്വംസനത്തിലേക്ക് നയിച്ചു: മണി ശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ‘മൃദുഹിന്ദുത്വ മനസ്സാണ്’ 1992-ല്‍ അയോധ്യയിലെ ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കല്‍ അയ്യര്‍ പറഞ്ഞു. റാവുവിനൊപ്പം വളരെ അടുത്ത് പ്രവര്‍ത്തിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് നട്‌വര്‍ സിങ് അടക്കമുള്ള വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പരിഷ്‌കരണ രംഗത്ത് ധീരവും സന്ദര്‍ഭോചിതവുമായ തീരുമാനങ്ങളെടുത്ത പ്രധാനമന്ത്രി റാവുവിന്റെ ‘വന്‍ പരാജയം’ എന്നാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. അയോധ്യയിലെ സന്യാസിമാരുമായി ചര്‍ച്ച ചെയ്ത് രാമക്ഷേത്ര പ്രശ്‌നം പരിഹരിക്കാമെന്ന് നരസിംഹ റാവു മനസ്സിലാക്കിയിരുന്നുവെന്നും വിനയ് സീതാപതിയുടെ ‘ഹാഫ് ലയണ്‍; ഹൗ നരസിംഹ റാവു ട്രാന്‍സ്‌ഫോംഡ് ഇന്‍ഡ്യ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ അയ്യര്‍ പറഞ്ഞു.
സമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും വേണ്ടി 1992 നവംബര്‍ 14 താന്‍ നടത്തിയ ‘റാം – റഹീം യാത്ര’ ഫൈസാബാദില്‍ വെച്ച് ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞതും തന്നെ അറസ്റ്റ് ചെയ്തതും മണി ശങ്കര്‍ അയ്യര്‍ സംസാരത്തില്‍ അനുസ്മരിച്ചു. ‘എന്റെ യാത്രയോട് വിയോജിപ്പില്ലെന്ന് റാവു എന്നെ വിളിച്ചു വരുത്തി പറഞ്ഞു. എന്നാല്‍ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമെന്ന നിലയിലുള്ള സെക്യുലറിസത്തെ സംബന്ധിച്ച എന്റെ നിര്‍വചനത്തോട് അദ്ദേഹം യോജിച്ചില്ല. അതു തന്നെയാണ് ബി.ജെ.പി വാദിക്കുന്നതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.’ പുസ്തകത്തിന്റെ ഗ്രന്ഥകാരനോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് അയ്യര്‍ വ്യക്തമാക്കി.
സാഹചര്യം വിലയിരുത്തുന്നതില്‍ റാവുവിന് സംഭവിച്ച വീഴ്ചയായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ഗ്രന്ഥകാരനായ വിനയ് സേതുപതി അഭിപ്രായപ്പെട്ടത്. പള്ളി പൊളിക്കാനായി റാവു ഗൂഢാലോചന നടത്തിയെന്ന വാദം കോണ്‍ഗ്രസ് ഉണ്ടാക്കിയതാണെന്നും സേതുപതി പറഞ്ഞു. പള്ളി പൊളിച്ചത് റാവുവാണ് മറിച്ച് പാര്‍ട്ടിയല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത അഭിപ്രായപ്പെട്ടു.

Related Articles