Current Date

Search
Close this search box.
Search
Close this search box.

തെരെഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞതിനെ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട് അപലപിച്ചു

അമ്മാന്‍: വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ദേശീയ പരിഷ്‌കരണ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന പരിപാടി ജോര്‍ദാന്‍ ഭരണകൂടം തടഞ്ഞതിനെ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട് പാര്‍ട്ടി ശക്തമായി അപലപിച്ചു. വെള്ളിയാഴ്ച്ച പരിപാടി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയായിരുന്നു ഭരണകൂടത്തിന്റെ ഈ നടപടി. പ്രകോപനപരമായ ഈ നടപടി ജോര്‍ദാന്റെ കീര്‍ത്തിക്കും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിനും കളങ്കം വരുത്തുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. പരിപാടി നടത്തുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയിരുന്നു എന്നും പ്രസ്താവന സൂചിപ്പിച്ചു.
ജോര്‍ദാന്‍ തെരഞ്ഞെടുപ്പ് സമിതി ഏതാനും സ്ഥാനാര്‍ഥികളുടെ മത്സരിക്കാനുള്ള അപേക്ഷകള്‍ വ്യാഴാഴ്ച്ച തള്ളിയിരുന്നു. സ്ഥാനാര്‍ഥിത്വത്തിനുള്ള നിബന്ധനകളില്‍ ഒന്ന് പാലിക്കാത്ത കാരണത്താലാണ് അപേക്ഷ തള്ളിയതെന്ന് സമിതി വക്താവ് ജിഹാദ് അല്‍മൂമിനി പറഞ്ഞു.
സെപ്റ്റംബര്‍ 20ന് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ദേശീയ പരിഷ്‌കരണ സഖ്യത്തിന്റെ 122 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ടും സഖ്യത്തിന്റെ ഭാഗമാണ്.

Related Articles