Current Date

Search
Close this search box.
Search
Close this search box.

ഡോ. കഫീല്‍ ഖാന്‍; കരുണ വര്‍ഷിച്ചതിന് ഇങ്ങനെ ക്രൂശിക്കരുത്: ഇ.ടി

കോഴിക്കോട്: ഗോരഖ്പൂര്‍ ബി.ആര്‍.ഡി ഹോസ്പിറ്റലില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചപ്പോള്‍ നിരവധി കുഞ്ഞുങ്ങളുടെ രക്ഷകനായി മാറിയ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ഖാനെ യു.പി സര്‍ക്കാര്‍ വേട്ടയാടുന്നത് മനുഷ്യത്വത്തിന്റെ എല്ലാ പരിധികളും ലംഘിച്ചാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.

പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചൊടുങ്ങുമ്പോള്‍ കരുണ കാണിച്ചതിന്റെ പേരില്‍ ഒരാളെ വേട്ടയാടാന്‍ മാത്രം ബിജെപിയുടെ രാഷ്ട്രീയം അധ:പതിച്ചു.
അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും ഓക്സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഫീല്‍ഖാന്‍ ശ്രമിച്ചതാണ് അയാളെ എട്ട് മാസമായി തടവിലിട്ട് പീഢിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. വിഷയത്തില്‍ യുപി സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ ഇടപെടലും പ്രതിഷേധവും രൂപപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് പ്രാഥമിക ചികിത്സകള്‍ വരെ നിഷേധിച്ചിരിക്കുയാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത്. കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കുകയാണെന്നും ജയിലധികൃര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാകുന്നിലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്. സ്ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സകള്‍ ജയിലില്‍ നിന്നും ലഭിക്കുന്നില്ല.

കൃത്യമായ ചികിത്സകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതേവരെ അത് പാലിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു. ഒരു കുറ്റവാളിയോട് കാണിക്കേണ്ട മര്യാദയെങ്കിലും ഒരു നിരപരാധിയോട് കാണിക്കാന്‍ ആദിത്യനാഥ് തയ്യാറാവണം. ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ മുസ്ലിം ലീഗിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles