Current Date

Search
Close this search box.
Search
Close this search box.

ട്രംപ് മനുഷ്യാവകാശ കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നു: സആദത്തുല്ല ഹുസൈനി

പടന്ന: മനുഷ്യാവകാശ കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നതാണ് അമേരിക്കയില്‍ ട്രംപ് ഭരണകൂടം അധികാരമേറ്റതോടെ സംഭവിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സആദത്തുല്ലാഹ് ഹുസൈനി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കാസര്‍കോഡ് ജില്ലാ സമ്മേളനം പടന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പൂര്‍വകാലഘട്ടത്തിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം, തുല്യതക്കുള്ള അവകാശം തുടങ്ങിയവയെല്ലാം ബൃഹദ് മുതലാളിത്തവും ഏകാധിപത്യവും കവര്‍ന്നെടുത്തുകഴിഞ്ഞു. തികഞ്ഞ വംശീയതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വക്താവായി അമേരിക്കന്‍ ഭരണകൂടം മാറിയിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഇരകളാവുന്നത് ലോക മുസ്‌ലിംകളാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ അഹങ്കാരത്തില്‍ അമിതാധികാര പ്രയോഗം നടത്തുന്ന ഭരണകൂടമാണ് ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. പൊതുമുതല്‍ കോര്‍പ്പറേറ്റുകള്‍ക്ക് നീക്കിവെച്ച് വര്‍ഗീയ താല്‍പര്യം സംരക്ഷിക്കുകയാണ് കേന്ദ്രഭരണകൂടം. മൊത്തം ജനസംഖ്യയുടെ ഒരുശതമാനം വരുന്ന സമ്പന്നവിഭാഗം രാജ്യത്തിന്റെ 99. 9 ശതമാനം സമ്പത്തും സ്വന്തമാക്കിവെച്ചിരിക്കുകയാണ്. ഇതിന്റെയെല്ലാം ഇരകളാകുന്നത് ദളിത ന്യൂനപക്ഷ പിന്നാക്ക ദരിദ്രവിഭാഗങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ അമിതാധികാരപ്രയോഗത്തിന്റെ ഭാഗമായി ഉണ്ടായ നോട്ട് നിരോധനം ചെറുകിട സംരംഭങ്ങളെയെല്ലാം തകര്‍ത്തു. കൂടുതല്‍ ജനവിഭാഗത്തെ ദാരി ദ്ര്യത്തിലേക്ക് തള്ളിവിട്ടു. തികഞ്ഞ ഭൂരിപക്ഷ വര്‍ഗീയതയാണ് രാജ്യത്തിന്റെ അധികാരം നിര്‍ണയിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് മനുഷ്യാവകാശ പോരാട്ട ങ്ങള്‍ വീണ്ടും ആരംഭിക്കേണ്ടത്. ഇസ്‌ലാം സന്തുലിതമായ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സമ്പത്തിന്റെ വികേന്ദ്രീകരണമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. സ്ത്രീപുരുഷന്മാരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന സാമുഹികസമത്വം ഉറപ്പുവരുത്തുന്ന ഇസ്‌ലാം എല്ലാതരം തീവ്ര വാദത്തെയും എതിര്‍ക്കുകയാണ്. എന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി, ജില്ലാ പ്രസിഡന്റ് സക്കീന അക്ബര്‍, വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, പ്രൊഫ. ആര്‍.യൂസുഫ്, ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന, ജില്ലാ പ്രസിഡന്റ് ഡോ. ഷഫ്‌ന മൊയ്തു. യൂസുഫ് ഉമരി, കെ.മുഹമ്മദ് ശാഫി, ഷിയാസ് പെരുംതുറ എന്നിവര്‍ സംസാരിച്ചു.

Related Articles