Current Date

Search
Close this search box.
Search
Close this search box.

ട്രംപിനെതിരെ വിമര്‍ശനവുമായി നോബേല്‍ ജേതാക്കള്‍

ബൊഗോറ്റ: അഭയാര്‍ഥി വിഷയത്തിലുള്ള അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തെ വിമര്‍ശിച്ച് നോബേല്‍ സമ്മാന ജേതാക്കള്‍. വിദേശികളോടുള്ള വിവേചനവും ഭീതിയുമാണ് അദ്ദേഹത്തിലുള്ളതെന്നും അവര്‍ ആരോപിച്ചു. സമാധാനത്തിനും പൗരനീതിക്കും വേണ്ടിയും അക്രമത്തെയും വംശീയതയെയും കുറിക്കുന്ന സംസാരങ്ങള്‍ക്കും അറുതിവരുത്താനും സമരം ചെയ്യേണ്ടത് ആവശ്യമാണെന്ന് 2011ല്‍ സമാധാനത്തിന് നേബേല്‍ നേടിയ തവക്കുല്‍ കര്‍മാന്‍ പറഞ്ഞു. കൊളമ്പിയന്‍ തലസ്ഥാനമായ ബൊഗോറ്റയില്‍ നടക്കുന്ന നോബേല്‍ ജേതാക്കളുടെ ഉച്ചകോടിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വ്യത്യസ്തമായ ഒരു മതത്തില്‍ പെട്ടവരായി എന്ന കാരണത്താല്‍ മുസ്‌ലിംകളെ ഒറ്റപ്പെടുത്താനാവില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ മുപ്പതോളം നോബേല്‍ ജേതാക്കളാണ് പങ്കെടുക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാക്കള്‍ മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നയതന്ത്രങ്ങളെയും മാനിക്കാത്തതാണ് നാം കാണുന്നതെന്ന് മുന്‍ കോസ്റ്ററിക്കന്‍ പ്രസിഡന്റ് ഓസ്‌കാര്‍ അരിയാസ് പറഞ്ഞു. മധ്യ അമേരിക്കന്‍ നാടുകളിലെ സിവില്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന് 1987ലാണ് നോബേല്‍ ലഭിച്ചത്. അമേരിക്കയില്‍ വളര്‍ന്നു വരുന്ന വിദേശികളെ കുറിച്ച ഭയവും വിദ്വേഷവും ഉത്കണ്ഠാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 2003വ്ഡ നോബേലിന് അര്‍ഹയായ ഇറാന്‍ അഭിഭാഷക ഷെറിന്‍ ഇബാദി, 1997ല്‍ നേബേല്‍ നേടിയ അമേരിക്കന്‍ ആക്ടിവിസ്റ്റ് ജോഡി വില്യംസ് തുടങ്ങിയവരും ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചു. അതേസമയം 2016ല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനായ കൊളംമ്പിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് ട്രംപിന്റെ പേര് പരാമര്‍ശിച്ചില്ല. എന്നാല്‍ ഭീകരത, യുദ്ധം, വിവേചനം, അഭയാര്‍ഥികള്‍ തുടങ്ങിയവയെ സംബന്ധിച്ച അഭിസംബോധനകളില്‍ മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles