Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളുടെ അന്തസ്സില്‍ കൈവെക്കുന്നത് അംഗീകരിക്കില്ല: ഖത്തര്‍ അമീര്‍

ദോഹ: തന്റെ രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആ സമയത്ത് ഞെട്ടലുണ്ടാക്കിയെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. അതേസമയം പരിഹാരം കാണുന്നതിനായി ചര്‍ച്ചക്കുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിലും അന്തസ്സിലും കൈവെക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ സി.ബി.എസ് ചാനലിന്റെ ’60 മിനുറ്റ്‌സ്’ പ്രോഗ്രാമിന് വേണ്ടി ഷാര്‍ലി റോസ് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഖത്തര്‍ ജനതയെ സംബന്ധിച്ചടത്തോളം ഉപരോധം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. കാരണം, ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഞങ്ങള്‍ ഒരു മുറിയിലിരുന്ന് ഭീകരതയെയും അതിന്റെ സാമ്പത്തിക സ്രോതസ്സുകളെയും കുറിച്ച് ചര്‍ച്ചകള്‍ നടത്തിയത്. അന്ന് ആരും അവരുടെ ഉത്കണ്ഠ പ്രകടിപ്പിക്കുകയോ ഞങ്ങളെ അക്കാര്യം അറിയിക്കുകയോ ചെയ്തില്ല. അവര്‍ ഞങ്ങളിലേക്ക് ഒരു മീറ്റര്‍ അടുത്താല്‍ ഞങ്ങള്‍ അവരിലേക്ക് പതിനായിരം മൈലുകള്‍ അടുക്കും. ക്യാമ്പ് ഡേവിഡില്‍ വെച്ച് ഖത്തറുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണത്തോടുള്ള ഉപരോധ രാഷ്ട്രങ്ങളുടെ മറുപടി കാത്തിരിക്കുകയാണ്. അമേരിക്കയുടെ സുഹൃദ് രാഷ്ട്രങ്ങള്‍ അവക്കിടയിലെ സംഘര്‍ഷങ്ങളില്‍ ഇടപെടുന്നത് താന്‍ അംഗീകരിക്കില്ലെന്ന് ട്രംപ് സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസ യോഗങ്ങളോടനുബന്ധിച്ച് നടത്തിയ സംഭാഷണങ്ങള്‍ക്കിടെ പറഞ്ഞിരുന്നു. എന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ പ്രദേശം ഒന്നടങ്കം അരാജകത്വത്തില്‍ മുങ്ങിപ്പോകുമെന്ന ഉത്കണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ പിന്തുണ നല്‍കുന്ന അല്‍ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ശൈഖ് തമീം അത് അടച്ചുപൂട്ടില്ലെന്നും വ്യക്തമാക്കി. ഖത്തറിലെ ഭരണമാറ്റത്തിനാണ് ഉപരോധ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്നും നേരത്തെ 1996ല്‍ തന്റെ പിതാവ് അമീറായപ്പോഴും അവരതിന് ശ്രമിച്ചിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

Related Articles