Current Date

Search
Close this search box.
Search
Close this search box.

ജൂതന്‍മാര്‍ക്കെതിരെയല്ല, അധിനിവേശകര്‍ക്കെതിരെയാണ് ഹമാസിന്റെ പോരാട്ടം: മിശ്അല്‍

ദോഹ: അടിസ്ഥാനങ്ങളും നയങ്ങളും വ്യക്തമാക്കുന്ന രേഖ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടു. പൂര്‍ണ ഫലസ്തീന്‍ എന്നതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ 1967 ജൂണ്‍ നാലിലുണ്ടായിരുന്ന അതിര്‍ത്തി പ്രകാരം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് അംഗീകരിക്കുമെന്നത് അതിലെ സുപ്രധാന കാര്യമാണ്. അടിസ്ഥാനങ്ങളില്‍ വീഴ്ച്ച വരുത്താതെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യവുമായി ഇടപഴകാന്‍ ഹമാസിന് എങ്ങനെ സാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ രേഖയെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ ദോഹയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ സാധുത അംഗീകരിക്കില്ല, ഫലസ്തീന്‍ മണ്ണിന്റെ ഒരു ഭാഗത്തിലും വിട്ടുവീഴ്ച്ച കാണിക്കില്ല എന്നീ അടിസ്ഥാനങ്ങള്‍ ഹമാസ് മുറുകെ പിടിച്ചിട്ടുണ്ട്. സമ്മര്‍ദങ്ങള്‍ക്കോ സാഹചര്യങ്ങള്‍ക്കോ അതില്‍ നിന്നവരെ മാറ്റാന്‍ സാധിച്ചിട്ടില്ലെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. അധിനിവേശത്തെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ശൈലികളും സ്വീകരിക്കല്‍ ദൈവിക നിയമങ്ങളും മനുഷ്യനിര്‍മിത നിയങ്ങളും വകവെച്ചു നല്‍കുന്ന അവകാശമാണ്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനും അടിസ്ഥാനങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള സായുധ ചെറുത്തുനില്‍പ്പ് അതില്‍ പ്രധാനമാണെന്നും ഹമാസ് രേഖ വ്യക്തമാക്കുന്നു.
അഭയാര്‍ഥികളെ ഫലസ്തീന് പുറത്ത് പാര്‍പ്പിക്കുകയും ബദല്‍ രാഷ്ട്ര പദ്ധതി മുന്നോട്ടുവെക്കുന്നതും അടക്കമുള്ള ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം കുഴിച്ചുമൂടാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുമെന്നും ഹമാസ് വ്യക്തമാക്കി. മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നും ഫലസ്തീന്‍ ജനതയോടും അവരുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും സ്വയംനിര്‍ണയാവകാശത്തിനുമുള്ള മോഹങ്ങള്‍ തകര്‍ത്തും കൊണ്ടുള്ള സയണിസ്റ്റ് വംശീയ പദ്ധതിയാണ് ഇസ്രേയല്‍ എന്ന് ഹമാസ് വിശേഷിപ്പിച്ചു. സയണിസ്റ്റുകള്‍ക്കെതിരെയുള്ള യുദ്ധം മതത്തിന്റെ പേരില്‍ ജൂതന്‍മാര്‍ക്കെതിരെയുള്ള യുദ്ധമല്ല, മറിച്ച് അധിനിവേശകരും അക്രമികളുമായ സയണിസ്റ്റുകള്‍ക്കെതിരെയുള്ള യുദ്ധം മാത്രമാണെന്നും ഹമാസ് നയരേഖ വ്യക്തമാക്കി.
ഇസ്രയേലുമായി നേരിട്ട് ചര്‍ച്ച നടത്തില്ലെന്നും മിശ്അല്‍ വ്യക്തമാക്കി. ലോകത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനാണ് ഇസ്രേയല്‍ സമാധാന ചര്‍ച്ചകളെ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ഹമാസിന്റെ ബന്ധത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡ് ചിന്താധാരയുടെ ഒരു ഭാഗമാണ് ഹമാസ്. എന്നാല്‍ സ്വന്തം നിലക്ക് തന്നെ അസ്ഥിത്വമുള്ള സ്വതന്ത്ര ഫലസ്തീന്‍ സംഘടനയാണിത്. മറ്റേതെങ്കിലും സംഘടനയെ നോക്കിയല്ല, ഹമാസ് നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ചാണത് പ്രവര്‍ത്തിക്കുന്നത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles