Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തെ ശക്തമാക്കുമെന്ന് ഉറപ്പു നല്‍കി ഉര്‍ദുഗാന്‍ അധികാരത്തിലേറി

അങ്കാറ: തുര്‍ക്കിയുടെ പുതിയ ചരിത്ര സൃഷ്ടിക്ക് തുടക്കം കുറിച്ച് പ്രസിഡന്റായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അധികാരത്തിലേറി. തിങ്കളാഴ്ച വൈകീട്ട് തലസ്ഥാനമായ അങ്കാറയില്‍ നടന്ന ചടങ്ങിലാണ് തുര്‍ക്കിയുടെ അഞ്ചു വര്‍ഷത്തേക്കുള്ള പ്രസിഡന്റായി അദ്ദേഹം വീണ്ടും അധികാരമേറ്റെടുത്തത്. രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ കൂടുതല്‍ ശക്തവും സുതാര്യവുമാക്കുമെന്നും സമസ്ത മേഖലകളിലും വികസനം കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

‘ഈ പുതിയ യുഗത്തില്‍, തുര്‍ക്കി എല്ലാ മേഖലയിലും പുരോഗമനം കൈവരിക്കും. ജനാധിപത്യം,മൗലികാവകാശങ്ങള്‍,വ്യക്തി സ്വാതന്ത്ര്യം,സമ്പദ് ഘടന,നിക്ഷേപങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും’ ഉര്‍ദുഗാന്‍ പറഞ്ഞു. സത്യപ്രതിജ്ഞക്കു ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് രാജ്യത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും രാജ്യത്ത് നിലനിന്ന ഒരു വ്യവസ്ഥ ഉപേക്ഷിച്ചാണ് പുതിയ സംവിധാനത്തിലേക്ക് കടക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ക്യാബിനറ്റ് മന്ത്രിമാരെയും കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ ബെറാത് അല്‍ബയ്‌റക് ആണ് പുതിയ ധനകാര്യ മന്ത്രി. മെവ്‌ലറ്റ് കാവുസോഗ്ലു വിദേശകാര്യ മന്ത്രിയായും സുലൈമാന്‍ സൊയ്‌ലു ആഭ്യന്തര മന്ത്രിയായും തുടരും. വൈസ് പ്രസിഡന്റ് ഫുആദ് ഒക്തയാണ്.  മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്‍.ജി.ഒ നേതാക്കളും വ്യവസായ പ്രമുഖരും ഉപദേശകരമാണ് മറ്റു ക്യാബിനറ്റ് അംഗങ്ങള്‍.

റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോയും നിരവധി വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. അമേരിക്ക ഉള്‍പ്പെടെയുള്ള വലതുപക്ഷ ചേരികളിലെ അംഗങ്ങള്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

രാജ്യം ഇതുവരെ തുടര്‍ന്നു പോന്ന പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറിയതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് ഉര്‍ദുഗാന്‍. കഴിഞ്ഞ വര്‍ഷമാണ് ഇതു സബന്ധിച്ച ജനഹിത പരിശോധന നടത്തിയത്. പാര്‍ലമെന്റിനെ പിരിച്ചുവിടാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നതാണ് ഉര്‍ദുഗാന്റെ മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

 

Related Articles